കണ്ണൂർ :- കുത്തനെ ഉയർന്ന മത്തിവില താഴോട്ടിറങ്ങി. കിലോയ്ക്ക് 400 രൂപ വരെയെത്തിയ മത്തിയാണ് ഒടുവിൽ നിലംതൊട്ടത്. ഞായറാഴ്ച തലശ്ശേരി മത്സ്യമാർക്കറ്റിലെത്തിയ പെടയ്ക്കുന്ന മുഴുത്ത മത്തി വിറ്റഴിച്ചത് കിലോ 100 രൂപയ്ക്ക്. തലശ്ശേരി കടപ്പുറത്തുനിന്ന് മീൻപിടിത്തത്തിനായി പോയ ചെറുവള്ളക്കാർക്കാണ് നല്ല 'പെടയ്ക്കണ' മത്തി കിട്ടിയത്. ഒഴിവുദിനമായതിനാൽ ചന്തയിൽ തിരക്ക് കുറവായിരുന്നെങ്കിലും വാർത്ത പരന്നതോടെ മത്തി അൽപസമയത്തിനുള്ളിൽ വിറ്റുതീർന്നു.
കണ്ണൂർ ആയിക്കരയിലും ഞായറാഴ്ച മത്തിക്ക് സമാനമായ വിലയായിരുന്നു. 80 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലാണ് ഇവിടെ കിലോയ്ക്ക് മൊത്ത വിൽപ്പന നടത്തുന്നത്. മറ്റ് വില കുറഞ്ഞത് പഴയ പടിയായെങ്കിലും മറ്റ് മീനുകളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കോലി, കോര (200-240 രൂപ), ചെമ്മീൻ ചരു (120-160 രൂപ) എന്നിവയാണ് പൊതുവെ മിതമായ വിലയ്ക്ക് ലഭിച്ച മീനുകൾ. അയക്കൂറയ്ക്ക് 1000 രൂപ മുതൽ 1200 രൂപ വരെയും ആവോലിയ്ക്ക് 800-ന് താഴോട്ടേക്കുമായിരുന്നു ഞായറാഴ്ചത്തെ വില. ജനപ്രിയ ഇനങ്ങളിലൊന്നായ പുയ്യാപ്ല (കിളിമീൻ) ഉൾപ്പെടെയുള്ള മീനുകൾക്ക് ട്രോളിങ് നിരോധനം തുടങ്ങിയതോടെ കടുത്ത ക്ഷാമമാണ്. 31-വരെയാണ് ട്രോളിങ് നിരോധനം.