കള്ളനെ ഭയന്ന് CCTV സ്ഥാപിച്ചു ; ഏഴ് ക്യാമറകളും അടിച്ചുമാറ്റി കള്ളൻ


കണ്ണൂര്‍ :- കള്ളനെ പേടിച്ച് സിസിടിവി ക്യാമറ വക്കുന്നവരാണ് നമ്മളിൽ പലരും. ആ ക്യാമറ തന്നെ കള്ളന്മാർ മോഷ്ടിച്ചാലെന്തു ചെയ്യും. കണ്ണൂർ തലശേരിയിലെ ശിശുരോഗ വിദഗ്ദൻ അബ്‍ദുൾ സലാമിന്റെ വീട്ടിലെ ഏഴ് സിസിടിവി ക്യാമറകളാണ് കള്ളൻ അടിച്ചുമാറ്റിയത്. അബ്‍ദുൾ സലാമിന്‍റെ വീട്ടിലെ സിസിടിവി സ്ക്രീനിൽ കഴിഞ്ഞ ഏപ്രിൽ 20 മുതൽ ദൃശ്യങ്ങൾ തെളിയുന്നില്ല. എന്തെങ്കിലും സാങ്കേതിക പ്രശ്നമാവുമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാൽ കഴിഞ്ഞ ഞായറാഴ്ചയാണ് ആ സത്യമറിയുന്നത്.

 കള്ളനെ പിടിക്കാൻ വച്ച സിസിടിവി പണ്ടേയ്ക്ക് പണ്ടേ കള്ളൻ കൊണ്ടുപോയെന്ന്. വെറും മോഷണമായിരുന്നില്ല, ഹൈടെക്ക് മോഷണം തന്നെയാണ് കള്ളൻ നടത്തിയത്. ആദ്യം ഡിവിആറിലേക്കുള്ള പവർ സപ്ലൈ ഷോർട്ട് സർക്യൂട്ടാക്കി. അങ്ങനെ ഡിവിആർ കേടാക്കി. പിന്നീട് ദൃശ്യങ്ങൾ തെളിയില്ലെന്നുറപ്പായതോടെ ക്യാമറുകളുമായി സ്ഥലം വിട്ടു. തകരാറിലാണെന്ന് കരുതിയ സിസ്റ്റം നന്നാക്കിയെടുത്തപ്പോഴാണ് ക്യാമറ തന്നെ കള്ളൻ കൊണ്ട് പോയ കാര്യം വീട്ടുകാര്‍ അറിയുന്നത്.

സംഭവത്തിൽ തലശേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി മോഷ്ടിച്ച കള്ളൻ സമീപത്തെ മറ്റേതെങ്കിലും ക്യാമറകളിൽ പതിഞ്ഞോയെന്നും പരിശോധിക്കുന്നുണ്ട്. തലശേരിയിലും മാഹിയിലുമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി മോഷണ പരമ്പര തുടർക്കഥയാവുകയാണ്.

Previous Post Next Post