വയനാട് ദുരന്തം ; മരണസംഖ്യ 365, ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, നാളെ രാവിലെ 7 മണിയോടെ തെരച്ചിൽ പുനരാരംഭിക്കും


കൽപറ്റ :-  വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. 

ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ന് തെരച്ചിൽ നടത്തി. ആദ്യദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നും തെരച്ചിൽ നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോ​ഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാ​ഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. 

അഞ്ചാം ദിവസം ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാറിൽ നിന്ന് ഇന്ന് കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ​ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം. 

Previous Post Next Post