കണ്ണൂർ :- കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ, ഇന്റർനെറ്റ് അമിത ഉപയോഗത്തിൽ നിന്ന് മുക്തരാക്കി. ഇതുവരെ 613 കുട്ടികളാണ് ഡി-ഡാഡ് സെൻ്ററുകളുടെ സഹായം തേടിയത്. 2023 ഏപ്രിൽ മുതൽ 2024 ജൂൺ വരെയുള്ള കണക്കാണിത്. ബ്ലൂവെയിൽ പോലെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ, കുട്ടികളെ ഉന്നമിട്ടുള്ള വിവിധ ഓൺലൈൻ റാക്കറ്റുകൾ എന്നിവയിൽ നിന്നടക്കം കുട്ടികളെ മോചിപ്പിക്കാനായി. 2023 മാർച്ചിലാണ് കേരള പോലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പദ്ധതി തുടങ്ങിയത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ആരോഗ്യം, വനിതശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി.
സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പോലീസ് കോഡിനേറ്റർമാരുമുണ്ട്. എ.എസ്.പിയാണ് നോഡൽ ഓഫീസർ. കുട്ടികളിലെ അമിതമായ മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകൾ സന്ദർശിക്കൽ, സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ തുടങ്ങിയവയാണ് ഡി - ഡാഡിലെത്തുന്ന പരാതികളിൽ ഏറെയും.