കണ്ണൂർ :- വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും ഡി.എൻ.എ പരിശോധന നടത്തുന്നത് ഫൊറൻസിക് ലാബിൻ്റെ കണ്ണൂർ റീജണൽ കേന്ദ്രത്തിൽ മാത്രം. കൂടുതൽ ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിൽ അഞ്ഞൂറോളം സാംപിളുകൾ പരിശോധിക്കാനെത്തിയിട്ടുള്ള ഇവിടെ പരിശോധന എന്ന് പൂർത്തിയാക്കാനാകുമെന്നതിൽ വ്യക്തതയില്ല. മറ്റു കേന്ദ്രങ്ങളിലേക്കുകൂടി അയക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എത്തിച്ച മൃതദേഹങ്ങളുടെയും സാപിളുകളുടെയും വളരെ കുറച്ച് പ്രൊഫൈലിങ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ രക്തസാംപിളുകളുമായി താരതമ്യം ചെയ്തുള്ള അന്തിമഫലം ലഭിക്കണമെങ്കിൽ ഇനിയും സമയമെടുക്കും. വയനാടിന് തൊട്ടടുത്തജില്ല എന്നനിലയിലാണ് കണ്ണൂർ ലാബിലേക്ക് സാംപിളുകൾ എത്തിക്കുന്നതെന്നാണ് ഫൊറൻസിക് ലാബ് ആസ്ഥാനത്തു നിന്ന് വ്യക്തമാക്കുന്നത്. എന്നാൽ തിരിച്ചറിയാത്ത മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും കണ്ടെടുത്ത് എത്തിച്ചത് കൂ ടുതലും മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നാണെന്നും കണ്ണൂരിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ബയോളജി, ഡി.എൻ.എ. ഡിവിഷനുകളുള്ള തൃശ്ശൂരിലും തിരിച്ചറിയൽ പരിശോധനകൾ നടത്താമെന്നിരിക്കെയാണ് കണ്ണൂരിൽ മാത്രം ഇത് നടത്തുന്നത്. തിരുവനന്തപുരത്തെ എഫ്.എസ്.എൽ ആസ്ഥാനത്തും വിപുലമായ സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റർ ഫൊർ ബയോടെക്നോളജിയും ഡി.എൻ.എ പരിശോധനകൾ നടത്താമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. കണ്ണൂർ ലാബിലെ ഡി.എൻ.എ, ബയോളജി വിഭാഗങ്ങളാണ് പരിശോധനകൾ നടത്തുന്നത്. മൂന്ന് സയൻ്റിഫിക് ഓഫീസർമാരും അസിസ്റ്റന്റ്റ് ഡയറക്ടറുമുള്ള ലാബിൽ പുതുതായി അഞ്ച് സയന്റിഫിക് ഓഫീസർമാരെക്കൂടി നൽകിയിട്ടുണ്ട്. സാംപിളുകൾ വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ക് ശേഷമാണ് പരിശോധനകളിലേക്ക് കടക്കുന്നത്. ഫലം വേഗത്തിലാക്കുന്നതിന് ഇത്തരം പ്രാഥമികപ്രവർത്തനങ്ങൾക്ക് മിനി സ്റ്റീരിയൽ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.