നിടുംപൊയിൽ ചുരം റോഡിന്റെ പ്രവർത്തി ആരംഭിച്ചു

 


പേരാവൂർ: -കനത്ത മഴയിൽ വിള്ളൽ വീണ് മൂന്നാഴ്ചയോളമായി ഗതാഗതം നിരോധിച്ച തലശ്ശേരി- ബാവലി റോഡിന്റെ ഭാഗമായ നിടുംപൊയിൽ ചുരം റോഡിന്റെ പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞമാസം 30ന് വിള്ളൽ ഉണ്ടായ ഭാഗത്താണ് നിലവിൽ പ്രവർത്തി നടത്തുന്നത്.

കനത്ത മഴയിൽ നാൽപ്പത് മീറ്ററിലധികം നീളത്തിലാണ് ചുരത്തിലെ ഇരുപത്തി ഒൻപതാം മൈലിലെ നാലാം വളവിൽ റോഡിൽ വിള്ളൽ വീണത്. റോഡിന്റെ ഒരു ഭാഗത്തെ സംരക്ഷണ ഭിത്തിയടക്കം വിണ്ടു വേർപെട്ട നിലയിലാണ്. ചില ഭാഗങ്ങളിൽ വലിയ ഗർത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ അപകടഭീഷണിയിലായ റോഡിൽ വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരുന്നു. വാഹന ഗതാഗതം നിരോധിച്ചതോടെ പ്രദേശവാസികൾ കടുത്ത യാത്രാ ദുരിതം അനുഭവിക്കുകയാണ്. വിള്ളൽ വീണ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്.

പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാം, അഡ്വ. എം രാജൻ, കണിച്ചാർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, അസിസ്റ്റന്റ് എൻജിനീയർ വി. വി. പ്രസാദ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Previous Post Next Post