ജൽജീവൻ പൈപ്പിനായെടുത്ത മരണക്കുഴിയിൽ വീണ് അപകടം ; ഓണപ്പറമ്പ് സ്വദേശിക്ക് പരിക്ക്


നാറാത്ത്  :-  ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്‌ഥാപിക്കാൻ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു പരുക്കേറ്റു. മാലോട്ട് മഞ്ചപ്പാലം കോട്ടേഴ്സിന് സമീപമായിരുന്നു ദിവസങ്ങൾക്കു മുന്നേ അപകടം നടന്നത്. യൂത്ത് കോൺഗ്രസ് നേതാവും നാറാത്ത് സഹകരണ ബാങ്ക് ജീവനക്കാരനുമായ ഓണപറമ്പിലെ പി.സുധീഷി(40)നാണ് പരിക്കേറ്റത്. ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കിൽ പള്ളേരി ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 

ബൈക്കിൽ നിന്നും റോഡിനു കുറുകെയുള്ള കുഴിയിൽ തെന്നിവീഴുകയായിരുന്നു സുധീഷ്. സുധീഷിന്റെ കാലിന്റെ മുകളിലാണ് ബൈക്ക് വീണത്. വലത് കണങ്കാലിനു സാരമായി പരുക്കേറ്റ സുധീഷിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി. രണ്ട് മാസത്തെ പൂർണ വിശ്രമം വേണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചത് പ്രകാരം വീട്ടിൽ വിശ്രമിക്കുകയാണ് സുധീഷ്. 

ഇവിടെ മുൻപും ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു. പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതരെത്തി കുഴി അടച്ചതായി നാട്ടുകാർ പറഞ്ഞു. പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി കൃത്യമായി മൂടാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായും അടിയന്തരമായും കുഴികൾ മൂടി അപകടകരമല്ലാത്ത യാത്രയ്ക്കുവേണ്ടി മതിയായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിവിധ സ്ഥലങ്ങളിൽ ജൽ ജീവൻ വേണ്ടി എടുത്ത ഇത്തരം കുഴികൾ മൂടാത്തത് കൊണ്ടും മഴയിൽ വെള്ളം നിറയുന്നതിനാലും വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവാണ്. വിവിധ സ്ഥലങ്ങളിൽ റോഡ് കുത്തിപ്പൊളിച്ച  സ്ഥലങ്ങളിൽ കോൺക്രീറ്റോ, താറിംഗ് പ്രവൃത്തിയോ നടത്തിയില്ലെന്ന് നാട്ടുകാർ  പറയുന്നു.

Previous Post Next Post