കണ്ണൂർ :- 2018 ലെ പ്രളയ കാലം മുതല്‍ ആവര്‍ത്തിച്ചു വരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കുവാന്‍ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍ എം എല്‍ എ, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പോലീസ് ബറ്റാലിയന്‍ എം. ആര്‍ അജിത് കുമാര്‍, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ജി ജയദേവ്, കെ.എ.പി 2 ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ രാജേഷ്, കെ.എ.പി 4 ബറ്റാലിയന്‍ കമാണ്ടന്റ് അരുണ്‍ കെ. പവിത്രന്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
2023 നവംബറില്‍ പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങൾ ഉള്‍പ്പെടെ ആകെ 314 പോലീസുകാരാണ് കെ.എ.പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍പാസ്സിം ഗ് ഔട്ട് പരേഡില്‍ അണിനിരന്നത്. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ 32-ാമത് ബാച്ചും, കെ.എ.പി രണ്ടാം ബറ്റാലിയനില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ പോലീസുകാരുടെ 31-ാമത് ബാച്ചുമാണിത്. ഇവരില്‍ ഒരു പി.എച്ച്.ഡി ക്കാരനും, 20 ബിരുദാനന്തര ബിരുദധാരികളും, രണ്ട് എം.ടെക്ക് കാരും, അഞ്ച് എം.ബി.എ ക്കാരും, 31 ബി.ടെക്ക് കാരും, 154 ബിരുദധാരികളും, ഒരു ബി.എഡ് ബിരുദം, 75 പ്ലസ്ടുക്കാരും, 25 ഡിപ്ലോമ/ഐ.ടി.ഐ. വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. പാസ്സിംഗ് ഔട്ട് പരേഡ് നയിച്ചത് കെ.എ.പി നാലാം ബറ്റാലിയനിലെ അഖില്‍ കുമാര്‍ എം, സെക്കന്റ് ഇന്‍ കമാണ്ടര്‍ കെ.എ.പി രണ്ടാം ബറ്റാലിയനിലെ വിഷ്ണു മണികണ്ഠന്‍ എന്നിവരായായിരുന്നു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മൊമെന്റോ നല്‍കി.
സമ്മാനം നേടിയവര്‍: കെ.എ.പി നാലാം ബറ്റാലിയന്‍-ബെസ്റ്റ് ഷൂട്ടര്‍: അഷിന്‍ ടി ടി കെ, ബെസ്റ്റ് ഇന്‍ഡോര്‍: ക്രിസ്റ്റി തോമസ് കെ, ഓള്‍ റൗണ്ടര്‍: അഖില്‍ കുമാര്‍ എം, ബെസ്റ്റ് ഔട്ട്‌ഡോര്‍ : അഹമ്മദ് ഷബാദ് കെ കെ.എ.പി രണ്ടാം ബറ്റാലിയന്‍, ബെസ്റ്റ് ഷൂട്ടര്‍ സുമന്‍ എസ്, ബെസ്റ്റ് ഇന്‍ഡോര്‍ : മുഹമ്മദ് ഷാനു ബി, ബെസ്റ്റ് ഔട്ട്‌ഡോര്‍: ആദര്‍ശ് പി ആര്‍, ഓള്‍ റൗണ്ടര്‍: വിഷ്ണു മണികണ്ഠന്‍. ചടങ്ങില്‍ 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.