കണ്ണൂർ :- സമുന്നത സുന്നി നേതാവ് പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാരുടെ വീട്ടിൽ വൻ കവർച്ച. 20 പവൻ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. അടച്ചിട്ടിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. അബൂബക്കർ മുസ്ലിയാർ ഇപ്പോൾ എളമ്പേരത്തെ മകളുടെ വീട്ടിലാണ് താമസം. പട്ടുവം സ്‌കൂളിനു സമീപത്തു താമസിക്കുന്ന മകൻ എല്ലാ ദിവസവും പട്ടുവം കടവിനു സമീപത്തെ വീട്ടിലെത്താറുണ്ട്. വ്യാഴാഴ്ച രാവിലെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്.
വീടിന്റെ ടെറസിൽ കയറിയ കവർച്ചക്കാർ അവിടെ ഉണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തകർത്താണ് അകത്തു കടന്നത്. മുകൾ നിലയിലെ അലമാരകളുടെ താക്കോൽ മുകളിൽ തന്നെയാണ് വെയ്ക്കാറ്. താക്കോലെടുത്ത് അലമാര തുറന്നാണ് ആഭരണങ്ങളും പണവും കവർന്നത്. താഴത്തെ നിലയിലെ അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.