കോറളായിയിലെ പാടങ്ങളിൽ ബസുമതി കതിരിട്ടു


മയ്യിൽ :- കോറളായിയിലെ പാടങ്ങളിൽ ബസുമതി കതിരിട്ടു. ബസുമതിയും രക്തശാലിയുമാണ് കുളിരും സുഗന്ധവുമേകുന്നത്. പഞ്ചായത്തിലെ 27 പാടശേഖരങ്ങളിൽ മികച്ച പാടശേഖരമായി ഇക്കുറി തിരഞ്ഞെടുത്തതും കോറളായിയെയാണ്. യുവ കർഷക പുരസ്‌കാരം ലഭിച്ച ജിനീഷ് ചാപ്പാടി സെക്രട്ടറിയും പി.പി മമ്മു പ്രസിഡന്റുമായ കമ്മിറ്റിയാണ് വർഷങ്ങളായി സമിതിയെ നയിക്കുന്നത്.

പാടങ്ങളിൽ പൂർണമായും യന്ത്രവത്കരണം സാധ്യമാക്കിയതും കർഷക കൂട്ടായ്മകളിലൂടെ റോഡ് സൗകര്യങ്ങൾ ലഭ്യമാക്കിയതുമാണ് കാർഷിക മുന്നേറ്റത്തിനിടയാക്കിയത്. ശ്രേയസ്, പ്രത്യാശ എന്നിവയും കൃഷിഭവൻ്റെ പിന്തുണയോടെ ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. വർഷം മുഴുവനും വയലുകൾ തരിശിടാതെ പയർ, മമ്പയർ, കപ്പ, കരിമ്പ്, ചെറുപയർ, മുതിര തുടങ്ങിയവയും ഇവിടെ നല്ല വിളവ് ലഭിക്കുന്ന കൃഷിയിനങ്ങളാണ്.

മികച്ച കർഷക കൂട്ടായ്മ, ബോധവത്കരണ ക്ലാസുകൾ, യോഗങ്ങൾ, ആനുകൂല്യ വിതരണത്തിലെ സുതാര്യത, മികച്ച ജലസേചന സൗകര്യമൊരുക്കൽ തുടങ്ങിയവ കർഷകർക്ക് പ്രോത്സാഹനമേകുന്നവയാണെന്ന് മുതിർന്ന കർഷകരായ ഉസ്സൈൻ കോറളായി, ഇ.ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു.12 വർഷമായി ഒരേ പാടശേഖരസമിതിയാണ് ഇവിടത്തെ കാർഷിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 78 കർഷകർക്കും അക്കൗണ്ടുകളിലൂടെയാണ് ആനുകൂല്യ വിതരണങ്ങൾ നടത്തി വരുന്നത്.

Previous Post Next Post