കണ്ണൂർ :- ശൗചാലയത്തിനുള്ളിൽ യാത്രക്കാരൻ പുകവലിച്ചതിനെത്തുടർന്ന് വന്ദേഭാരത് ഓട്ടത്തിനിടയിൽനിന്നു. വെള്ളിയാഴ്ച രാവിലെ 11.35-ന് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി വടകരയിലാണ് നിന്നത്. ഷൊർണൂരിൽ നിന്ന് കാസർ കോട്ടേക്ക് യാത്രചെയ്ത പാലക്കാട് സ്വദേശിയായ 43-കാ രനാണ് പുകവലിച്ചത്. വണ്ടി പൊടുന്നനെ നിന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. പുക വലിച്ചതാണ് വണ്ടിനിൽക്കാൻ കാരണമെന്ന് വണ്ടിക്കുള്ളിലെ സാങ്കേതികവിഭാഗം ജീവനക്കാർ കണ്ടെത്തി. മൂന്നുമിനുട്ടിനുശേഷം വണ്ടി പുറപ്പെട്ടു. യാത്രക്കാരനിൽ നിന്ന് ടിക്കറ്റ് പരിശോധകർ പിഴയീടാക്കി. കണ്ണൂരിൽ ആർ.പി.എഫ്. ഓഫീസി ലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചശേഷം യാത്രക്കാരനെ വിട്ടു.
കോച്ചിനുള്ളിൽ പുകവലിച്ചാൽ വന്ദേഭാരത് നിൽക്കും. വന്ദേഭാരത് എക്സ്പ്രസിൽ ശൗചാലയത്തിനുള്ളിൽവരെ സ്മോക്ക് ഡിറ്റക്ഷൻ സെൻസറുണ്ട്. സെൻസറിൽ രേഖപ്പെടുത്തിയ പുകയുടെ അളവിനെക്കാൾ കൂടുതലായാൽ അവ പ്രവർത്തിക്കും. ലോക്കോ കാബിൻ ഡിസ്പ്ലേയിൽ അലാറം മുഴങ്ങും. അലാറം മുഴങ്ങിയാൽ വണ്ടി നിർത്തണമെന്നാണ് നിയമം. ഏത് കോച്ചിൽനിന്നാണ് പുക വരുന്നതെന്നും സ്ക്രീനിൽ കാണിക്കും. എന്നാൽ ശൗചാലയത്തിനുള്ളിൽ ഇത്തരം സംവിധാനമുണ്ടെന്ന് പല യാത്രക്കാർക്കും അറിയില്ല.