കണ്ണൂർ:- താഴെ ചൊവ്വയിലെ സെക്യൂറ മാളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ കടമ്പൂർ പഞ്ചായത്തിലെ വിജനമായ പ്രദേശത്ത് നിക്ഷേപിച്ചതിന് മാൾ ഉടമസ്ഥർക്കും മാലിന്യം ശേഖരിക്കുന്ന ഹർഷാദ് സി.വി സ്ഥലമുടമ ശ്രീനിത്ത് പി.എം. എന്നിവർക്കും 25,000 രൂപ വീതം ആകെ 75000 രൂപ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.
കണ്ണൂർ താഴെ ചൊവ്വയിലെ സെക്യൂറ മാളിലെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്ന തരംതിരിക്കാത്ത മാലിന്യങ്ങൾ കൂട്ടിയിടുന്ന കടമ്പൂർ പഞ്ചായത്തിലെ കാറാട്ട് പറമ്പിലെ സ്ഥലം തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പഞ്ചായത്തിൻ്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് ആർക്കും കടന്നു ചെല്ലാൻ പറ്റാത്ത വിജനമായ പ്രദേശത്താണ് മാലിന്യങ്ങൾ തള്ളിയിരുന്നത്.
മാളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സ്ക്വാഡിന് കാണാൻ കഴിഞ്ഞത് തരം തിരിക്കാത്ത മാലിന്യങ്ങൾ കവറുകളിൽ കൂട്ടിയിട്ട നിലയിലായിരുന്നു. മാലിന്യങ്ങൾ കൈമാറുന്നതിന് ഏതെങ്കിലും ഏജൻസിയുമായുള്ള കരാർ ഹാജരാക്കുന്നതിന് മാനേജ്മെൻ്റിന് സാധിച്ചില്ല. ഫുഡ് കോർട്ടിൽ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ളാസുകളും ആയിരുന്നു അവയിൽ ഭൂരിഭാഗവും. കടമ്പൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ രഹസ്യമാലിന്യനിക്ഷേപ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള കെട്ടുകണക്കിന് മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. പരിശോധനയിൽ സെക്യൂറ മാളിലെ സ്ക്രാപ്പ് സ്റ്റോക്ക് ട്രാൻസ്ഫർ രസീതിയടക്കമുള്ള രേഖകളാണ് കണ്ടെടുത്തത്.
മാളിലെ ഫുഡ് കോർട്ടിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങ്, കെ.എഫ് സി തുടങ്ങിയ സ്ഥാപനങ്ങളുടെ ഭക്ഷണ അവശിഷ്ടങ്ങൾ കലർന്ന ഡിസ്പോസിബിളുകൾ, നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ഓഫർ നോട്ടീസുകൾ തുടങ്ങിയ തെളിവുകളും സ്ക്വാഡിന് ലഭിച്ചു. ഒന്നരയേക്കറിലധികംസ്ഥലത്ത് ഒരു വർഷത്തോളമായി മാലിന്യ നിക്ഷേപം നടത്തുന്ന വ്യക്തിക്ക് ആക്രി ശേഖരിക്കാനുളള ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരികുൽ അൻസാർ, കടമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീസ് മുഹമ്മദ് എൻ വി എന്നിവർ പങ്കെടുത്തു.