പാവന്നൂർമൊട്ടയിൽ മുറിച്ചുമാറ്റിയ മരത്തിൻ്റെ അവശിഷ്‌ടങ്ങൾ നീക്കാത്തത് യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു


മയ്യിൽ :-
  മുറിച്ചുമാറ്റിയ കൂറ്റൻ തണൽമരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. പാവന്നൂർമൊട്ടയിലാണ് മുറിച്ച് മാറ്റിയ തണൽ മരത്തിന്റെ അവശിഷ്ടങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി തീരുന്നത്.

വർഷങ്ങളായി പാവന്നൂർമൊട്ടയിൽ തണലേകിയ കുറ്റൻ മരം കേടു വന്ന് അപകടഭീഷണിയിലായതിനെ തുടർന്ന് മുറിച്ച് മാറ്റിയത് ദിവസങ്ങൾക്കുമുൻപാണ്. ഉപയോഗപ്രദമായ തടികൾ മുറിച്ച് മാറ്റിയ ദിവസം തന്നെ ബന്ധ പ്പെട്ടവർ കൊണ്ടുപോയിരുന്നു.  ബാക്കിയായ അവശിഷ്ടങ്ങളാണ് റോഡരികിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപവും മറ്റും തള്ളിയത്. ഇവയിൽ ഉപയോഗശൂന്യമായ കൂറ്റൻ തടികളും ഉണ്ട്. അവശിഷ്ടങ്ങൾ കാരണം ബസുകൾക്ക് സ്‌റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കാനോ കയറ്റാനോ പറ്റാത്ത അവസ്‌ഥയാണ്.

തടിയിൽ തടഞ്ഞ് വീണ് കുട്ടികളും പ്രായമേറിയവരും അടക്കമുള്ള യാത്രക്കാർക്കു പരുക്കേൽക്കുന്നത് കാരണം ബസുകൾ ഇവിടെ നിർത്തുന്നത് ഏതാനും മീറ്റർ അകലെ ഓട്ടോ സ്റ്റാൻഡിനു സമീപമാണ്. ജനങ്ങൾക്ക് ദുരിതമായ അവശിഷ്ട‌ങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Previous Post Next Post