അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ; ഇനി വേറെ ലെവൽ


മുഴപ്പിലങ്ങാട് :- ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ലോകനിലവാരത്തിലേക്ക് ഉയരുന്നു. ഒന്നാംഘട്ട നവീകരണം അവസാനഘട്ടത്തോടടുക്കുന്നു. ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബീച്ചിന്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ ആധുനിക സൗകര്യങ്ങളോടെയാണ് ബീച്ച് ഒരുങ്ങുന്നത്. നാലര കിലോമീറ്ററിലേറെ നീളത്തിൽ ഡ്രൈവ് ചെയ്യാവുന്ന ബീച്ചിനോട് ചേർന്ന് ഒരുകിലോമീറ്ററിലേറെ നീളത്തിൽ ഉയരത്തിൽ നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോം സഞ്ചാരികളെ ഏറെ ആകർഷിക്കും. ബീച്ചിന്റെ വടക്കെ അറ്റത്തുനിന്ന് 18 മീറ്റർ വീതിയിലുമുള്ള പ്ലാറ്റ്ഫോമാണ് നിർമിച്ചത്. 25 മീറ്ററോളം ആഴത്തിൽ പൈലിങ് നടത്തി അതിനുമുകളിൽ സ്ലാബ് വാർത്താണ് പ്ലാറ്റ്ഫോം നിർമിച്ചത്. പ്ലാറ്റ്ഫോമിൽനിന്ന് 600 മീറ്ററിനുള്ളിൽവെച്ച് ബീച്ചിലേക്കിറങ്ങാനുള്ള സൗകര്യവുമുണ്ട്.

സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, നടപ്പാത, സുരക്ഷാജീവനക്കാർക്കുള്ള കാബിൻ, ശൗചാലയം തുടങ്ങിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലോബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം ബീച്ച് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകളിൽ നാലുഘട്ടങ്ങളിലായി 233.71 കോടി രൂപയുടെ വികസനപദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ട വികസനം മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്കെഭാഗത്തു നിന്നാണ് തുടങ്ങുക. ബീച്ച് ആക്ടിവിറ്റിക്കുള്ള സൗകര്യം, റസ്റ്ററൻ്റ്, വാട്ടർ സ്പോർട്‌സ് എന്നിവ ഈ ഭാഗത്തായിരിക്കും. മൂന്നാംഘട്ടത്തിൽ ധർമടം ബീച്ചിനെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നാലാംഘട്ടത്തിൽ ധർമടം തുരുത്തിൽ വികസനപ്രവൃത്തികൾ തുടങ്ങും. അപൂർവയിനം പക്ഷികളുള്ള തുരുത്തിൽ പ്രകൃതിനടത്തം ഉൾപ്പെടെയുള്ള സൗകര്യമൊരുക്കും.

Previous Post Next Post