ഇരിക്കൂർ :- വയറുവേദനയെത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി ജസീർ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വയറുവേദനയെത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വേദന കഠിനമായതോടെ കണ്ണൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് പെരുവളത്തു പറമ്പ് റഹ്‌മാനിയ ജുമാമസ്‌ജിദ് കബർസ്താനിൽ കബറടക്കി. മുനീറിന്റെയും സുബൈദയുടെയും മകനാണ്. സഹോദരങ്ങൾ : ജംഷീറ, ജംഷീർ, ജംഷാദ്, ജംഷീന, ജസീം.
ചികിത്സപ്പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്തെ ആസ്പത്രിയിലേക്ക് മാർച്ച് നടത്തി. കബറടക്കത്തിന് ശേഷം രാത്രി 9 മണിയോടെയാണ് ശ്രീകണ്ഠപുരം കേന്ദ്രീകരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപ്രതിയിലേക്ക് മാർച്ച് ചെയ്തത്. ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് ജോർജ് അധ്യക്ഷത വഹിച്ചു. അബിൻ വടക്കേക്കര, ഐബിൻ ജേക്കബ്, മുഹ്സിൻ കാതിയോട്, ആൽബിൻ അറയ്ക്കൽ, ജിനീഷ് ചെമ്പേരി, രഞ്ജി അറബി, കെ.പി ലിജേഷ്, ജസീൽ കണി യാർവയൽ എന്നിവർ സംസാരിച്ചു.
ജസീറിൻ്റെ മരണത്തെ തുടർന്ന് ഇന്ന് കണ്ണൂർ എസ്പി ഓഫിസിലേക്ക് നടത്താൻ തീരുമാനിച്ച യൂത്ത് കോൺഗ്രസ് മാർച്ച് മാറ്റിവച്ചതായി ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അറിയിച്ചു. തങ്ങളുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ലെന്നും ഇവിടെ വന്ന ഉടൻ വേറെ ആശുപ്രതിയിലേക്ക് കൊണ്ടുപോയിരുന്നു എന്നുമാണ് പരാതി ഉയർന്ന ആശുപത്രി അധികൃതരുടെ വിശദീകരണം. മരണവുമായി ബന്ധപ്പെട്ട് പൊലീസിലും മെഡിക്കൽ ബോർഡിലും ഇന്ന് പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു.