ലിഫ്റ്റും റാംപുമില്ലാതെ ദുരിതംപേറി പരിയാരം ഗവ. ഡെന്റൽ കോളജ് ആശുപ്രതിയിൽ എത്തുന്ന രോഗികൾ


പരിയാരം :- ലിഫ്റ്റും റാംപുമില്ലാതെ പരിയാരം ഗവ. ഡെന്റൽ കോളജ് ആശുപ്രതിയിൽ എത്തുന്ന രോഗികൾ 6 നില നടന്നുകയറണം. 8 മാസമായി 2 ലിഫ്റ്റും പ്രവർത്തിക്കാതായിട്ട് . പഴയ ലിഫ്റ്റ് മാറ്റി പുതിയതു സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ നിലവിലുണ്ടായിരുന്ന ലിഫ്റ്റിന്റെ പ്രയോജനമില്ലാതായി. 6 നിലകളിൽ പ്രവർത്തിക്കുന്ന ഡെന്റൽ കോളജിൽ എവിടെയും റാംപ് സൗകര്യവും ഇല്ല. അതിനാൽ അവശരായ രോഗികൾക്കും ഭിന്നശേഷിക്കാർക്കും വിവിധ നിലകളിലേക്ക് വീൽചെയറിൽ പോകാനും സാധിക്കുന്നില്ല. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ പരിശോധനകൾക്കായി രോഗികൾ കയറിയിറങ്ങി പാടുപെടുകയാണ്. 

ഡോക്ടർമാർ, സന്ദർശകർ, ജീവനക്കാർ എന്നിവരും ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ പ്രയാസത്തിലാണ്. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ പലതും താഴത്തെ നിലയിലാണ്. മുകളിലത്തെ നിലയിലേക്കു പടികൾ കയറി ചെല്ലുമ്പോഴായിരിക്കും താഴെപ്പോയി സ്കാൻ ചെയ്യാൻ ആവശ്യപ്പെടുക. ഇതു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ദുരിതമാണുണ്ടാക്കുന്നത്. 6, 5 നിലകളിൽ എത്തുന്നവർക്കു കൂടുതൽ ദുരിതം. പടിക്കെട്ടുകൾ കയറിയിറങ്ങി പലരും ശ്വാസംമുട്ടിയാണു എത്തുന്നത്.

Previous Post Next Post