പത്തനംതിട്ട :- തുലാമാസ പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട 16-ന് വൈകീട്ട് അഞ്ചിന് തുറക്കും. 21-ന് രാത്രി 10-ന് മാസപൂജ പൂർത്തിയാക്കി നട അടയ്ക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തുലാം ഒന്നായ ഒക്ടോബർ 17-ന് രാവിലെ ശബരിമലയിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്ക് ഇവരായിരിക്കും മേൽശാന്തിമാർ.
ശബരിമലയിലേക്ക് 25 പേരുടെയും മാളികപ്പുറത്തേക്ക് 15 പേരുടെയും ചുരുക്കപ്പട്ടിക ദേവസ്വം ബോർഡ് പുറത്തിറക്കി. ശബരിമലയിലെയും മാളികപ്പുറത്തെയും ചുരുക്കപ്പട്ടികയിലുള്ള എം.പ്രമോദ്, ശബരിമലയിലെ പട്ടികയിലുള്ള ടി.കെ യോഗേഷ് നമ്പൂതിരി എന്നിവരെ അന്തിമപട്ടികയിൽ ഉൾപ്പെടുത്തുന്നത് ഹൈക്കോടതിയുടെ ഉത്തരവിന് അനുസരിച്ചായിരിക്കും. മതിയായ പൂജാപരിചയം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടെന്ന പരാതി കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിത്.
ശബരിമല മേൽശാന്തിയെ പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പൂർണ വർമ്മയുടെയും ഗിരീഷ് വിക്രമിൻ്റെയും മകൻ ഋഷികേശ് വർമ നറുക്കെടുക്കും. മാളികപ്പുറം മേൽശാന്തിയെ പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയും നറുക്കെടുക്കും