വാഹനങ്ങൾ പൊളിക്കുമ്പോൾ അനുമതി വാങ്ങണമെന്ന് മോട്ടോർവാഹന വകുപ്പിൻ്റെ കർശന നിർദേശം


തിരുവനന്തപുരം :- വാഹനം പൊളിക്കുന്നതിനു മുമ്പ് അനുമതിവാങ്ങണമെന്ന് മോട്ടോർവാഹന വകുപ്പിൻ്റെ കർശന നിർദേശം. അനുമതിക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നൽകണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ പരിശോധിച്ച് മുൻ പിഴയടക്കമുള്ളവ അടച്ചുതീർത്ത് ആർ.സി റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിർദേശം. പൊളിക്കാനായി കൈമാറുകയും എന്നാൽ, ആർ.സി റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുൾപ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാൻ നൽകുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണിത്. വാഹനം പഴക്കം മൂലവും അപകടത്തിൽപ്പെട്ടും ഉപയോഗശൂന്യമാകുമ്പോൾ പൊളിക്കാറുണ്ട്. ആർ.സി റദ്ദാക്കാതെ പൊളിക്കാനായി വാഹനം കൈമാറുമ്പോൾ വാഹനത്തിന്റെ രേഖകൾ നിലനിൽക്കും.

വാഹനം പൊളിക്കാതെ തകരാറുകൾ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം. ഇത്തരം വാഹനം കച്ചവടം ചെയ്യപ്പെടുകയും മോഷണ മുൾപ്പെടെയു ങ്ങൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് പിടിക്കപ്പെടുമ്പോൾ ആർ.സി റദ്ദാക്കാത്തതു മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തിൽ കുടുങ്ങുന്ന സ്ഥിതിവരും. പൊളിച്ച വാഹനത്തിന്റെ എൻജിനോ ഷാസിയോ മറ്റൊരുവാഹനത്തിൽ ഘടിപ്പിച്ചും ഉപയോഗപ്പെട്ടേക്കാം. പിടിക്കപ്പെട്ടാൽ എൻജിൻ, ഷാസി നമ്പർ മുഖാന്തരവും ഉടമയ്ക്കെതിരേ നടപടി വന്നേക്കാം. കുറ്റകൃത്യങ്ങൾക്കല്ലാതെ നിരീക്ഷണ ക്യാമറകളിലെ നിയമലംഘനങ്ങൾക്കുള്ള പിഴയായും സന്ദേശങ്ങളെത്താനിടയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ അപേക്ഷ നൽകണമെന്ന് നിർദേശമുള്ളത്. പൊളിച്ച ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹനിലുൾപ്പെടെ ആർ.സി റദ്ദായെന്ന് ഉറപ്പാക്കണമെന്നും അധികൃതർ പറയുന്നു.

Previous Post Next Post