സംസ്ഥാനത്തെ അനധികൃത ഖനനം തടയാൻ നിരീക്ഷണസമിതികൾ പുനഃസംഘടിപ്പിച്ചു


തിരുവനന്തപുരം :- സംസ്ഥാനത്തെ അനധികൃത ഖനനം നിർത്തിവയ്ക്കാൻ സംസ്ഥാന, ജില്ലാ, ഡിവിഷണൽ തല നിരീക്ഷണസമിതികൾ പുനഃസംഘടിപ്പിച്ചു. ഇത്തരം സമിതികൾ പ്രവർത്തനരഹിതമാണെന്നും ഉടൻ കാര്യക്ഷമമാക്കണമെന്നുമുള്ള ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിൽ നാലിന് നൽകിയ ഇടക്കാല ഉത്തരവിലായിരുന്നു നിർദേശം. മുൻപ് ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർ ക്കാർ വിവിധ വകുപ്പുകളുടെ കൂടിയാലോചന നടത്തിയിരുന്നു. ക്വാറികൾക്ക് ലൈസൻസ് നൽകുന്നതിനും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും കർശന നിർദേശങ്ങളടങ്ങിയ മാർഗരേഖ 2010-ൽ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ അനധികൃത ഖനനം വ്യാപകമാണെന്ന പരാതികളുണ്ട്.

ഏഴംഗ സംസ്ഥാനതലസമിതിയുടെ ചെയർമാൻ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ക്വാറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളാണ് ഈ സമിതി പരിശോധിക്കുക. ഖനനം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും കൂടുതൽ സുതാര്യതയോടും ഉത്തരവാദിത്വത്തോടും നടപ്പാക്കേണ്ട ചുമതല ഇവർക്കാണ്. തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കൺവീനറായിരിക്കും. റവന്യു, തദ്ദേശവകുപ്പ് പ്രിൻ സിപ്പൽ സെക്രട്ടറിമാർ, ലാൻഡ് റവ ന്യു കമ്മിഷണർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ എന്നിവർ അംഗങ്ങളാണ്. ജില്ലാതലത്തിൽ കളക്ടർ ചെയർമാനായി വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി നിലവിൽവരും. സമിതിഅനധികൃത ക്വാറികൾ തടയുന്നതിലെ പുരോഗതി വിലയിരുത്തി സർക്കാരിന് പ്രതിമാസ റിപ്പോർട്ട് അയയ്ക്കണം. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും സമിതി നിരീക്ഷിക്കും.

തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറാണ് കൺവീനർ. ജില്ലാ പോലീസ് മേധാവിയടക്കം അഞ്ചംഗങ്ങളുണ്ട്. അനധികൃത ക്വാറികളിൽ പരിശോധന നടത്തി ഖനനം തടയാനുള്ള ചുമതല ഡിവിഷണൽതല സമിതിക്കാണ്. ആർ.ഡി.ഒ ചെയർമാനായ സമിതിയിൽ തദ്ദേശവകുപ്പ് അസി.ഡയറക്ടർ/ഇന്റേണൽ വിജിലൻസ് ഓഫീസർ കൺവീനറായിരിക്കും. ഡിവൈ.എസ്.പി ഉൾപ്പടെ അഞ്ച് അംഗങ്ങളാണ്. തങ്ങളുടെ അധികാരപരിധിയിലെ എല്ലാ ക്വാറികളും സമിതി സന്ദർശിക്കണം. പൊതുജനങ്ങളുടെ പരാതികൾ വൈകാതെ  പരിഹരിക്കുകയും അനധികൃത ക്വാറികൾ നിർത്തിവെപ്പിച്ച വിവരം ജില്ലാ സമിതിയെ അറിയിക്കുകയും വേണം.

Previous Post Next Post