മലപ്പട്ടം :- ചൂളിയാട് എ.എല്‍.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് ഒക്ടോബർ 17 ന് തുടക്കമാകും. ഒക്ടോബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിക്കും. ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് വിവ ഓർക്കസ്ട്രയുടെ ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒക്ടോബർ 13 ന് വൈകുന്നേരം 5 മണിക്ക് വിളംബര ബൈക്ക് റാലിയും ഒക്ടോബർ 16 ന് രാത്രി 7 മണിക്ക് വീടുകളിൽ അക്ഷരദീപം തെളിയിക്കലും സംഘടിപ്പിക്കും.
ആഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, അങ്കണവാടി കലാമേള, വിദ്യാർത്ഥികളുടെ വിവിധ കലാകായിക പരിപാടികൾ, ചെസ്സ് മത്സരം, ശതാബ്ദി കെട്ടിട ഉദ്ഘാടനം, കാർഷിക പരിപാടികൾ, സമാപന സമ്മേളനം എന്നിവ നടക്കും.