കമ്പിൽ :- മയ്യിൽ - കാട്ടാമ്പള്ളി - കണ്ണൂർ റൂട്ടിലെ ബസ് ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് പൊതുജനങ്ങൾ. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. പലർക്കും മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു.
കമ്പില്‍ ബസാറില്‍ വച്ച് ബസ് ഡ്രൈവറെയും, യാത്രക്കാരനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മയ്യിൽ - കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസുകള്‍ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നത്.കണ്ണാടിപ്പറമ്പ് - കമ്പിൽ - കാട്ടാമ്പള്ളി - കണ്ണൂർ റൂട്ടിലും ബസുകൾ സർവീസ് നടത്തിയില്ല.
സംഭവത്തിൽ നണിയൂർ നമ്പ്രം സ്വദേശി നസീറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവ സമയം നസീർ മദ്യലഹരിയിലായിരുന്നു.ഇന്നലെ വൈകിട്ട് ബസ് മയ്യിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കരിങ്കൽക്കുഴി യിൽവച്ച് നസീർ സ്കൂട്ടറിൽ ഫോൺ ചെയ്ത് ബസിനു മുന്നിലൂടെ അരികു നൽകാതെ യാത്ര ചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം. തുടർന്ന് 2 കിലോമീറ്ററോളം ദുരം ബസിനു മുന്നിലൂടെ സഞ്ചരിച്ച് കമ്പിൽ ബസാറിൽ സ്കൂട്ടർ ബസിനു മുന്നിൽ നിർത്തി ബസ് ഡ്രൈവർ രജീഷിനെ നസീർ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പി.രജീഷിനാണ് (37) പരുക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസിൽ യാത്ര ചെയ്യുകയായിരുന്ന രാധാകൃഷ്ണൻ എന്ന യാത്രക്കാരനെ ബസിൽ കയറിയ നസീർ ബസ് ജീവനക്കാരെ മർദിക്കാൻ തുടങ്ങിയപ്പോൾ ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാധാകൃഷ്ണനു പരുക്കേറ്റത്. അക്രമികൾ കരിങ്കൽ ചീളുകൾ തുണിയിൽ പൊതിഞ്ഞ് തലയ്ക്ക് ഇടിക്കുകയായിരുന്നു.