'നീരറിവ്' ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി


കണ്ണൂർ :- സംസ്ഥാന ഭൂജല വകുപ്പ് 'നീരറിവ്' എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് വിവരശേഖരണം. വരൾച്ച പ്രതിരോധം, പ്രളയക്കെടുതികളെ അതിജീവിക്കൽ, ജലസംരക്ഷണം വഴി കാർഷിക മേഖലയുടെ വളർച്ച തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

നീരറിവ് മൊബൈൽ ആപ്പിന്റെ പരിശീലനം കൂത്തുപറമ്പ്, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പൂർത്തിയായി. കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള വാർഡുകളിലാണ് ഈ വർഷം വിവരശേഖരണം നടത്തുക. പൊതു, സ്വകാര്യ ഇടങ്ങളിലെ മുഴുവൻ ജല സ്രോതസ്സുകളും മാപ്പ് ചെയ്ത് വിവര ശേഖരണം നടത്തും. 2025 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കും. ഭൂജല സ്രോതസ്സുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.


Previous Post Next Post