ക്ഷേത്രകലാശ്രീ പുരസ്കാരം കെ.എസ്.ചിത്ര ഏറ്റുവാങ്ങി


പഴയങ്ങാടി :- കേരള ക്ഷേത്രകലാ അക്കാദമിയുടെ 2022-ലെ പുരസ്ക്കാരങ്ങൾ എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ഒ.ആർ കേളു വിതരണം ചെയ്തു. ക്ഷേത്രവും ക്ഷേത്രകലകളും കേരളത്തിന്റെ സാംസ്കാരികമണ്ഡലം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. കലാകാരന്മാരും കവികളും സാഹിത്യകാരന്മാരും കൂടിച്ചേർന്നാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്. ക്ഷേത്രവും വിശ്വാസവും എല്ലാവരുടെയും ജീ വിതത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ശില്പവും ഫലകവുമടങ്ങുന്ന ക്ഷേത്രകലാശ്രീ പുരസ്സാരം ഗായിക കെ.എസ് ചിത്ര മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ക്ഷേത്രകലാ ഫെലോഷിപ്പ് നർത്തകനും ഗവേഷകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണന് സമ്മാനിച്ചു. ക്ഷേത്രകലാരംഗത്തെ 36 പേർക്കുള്ള പുരസ്കാരങ്ങളാണ് മന്ത്രി വിതരണം ചെയ്തത്.

എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അക്ഷര സ്വരൂപിണി അമൃതഭാഷിണി എന്നുതുടങ്ങുന്ന ഭക്തിഗാനവും കുട്ടികൾക്കായി 'കണ്ണാംതുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന ഗാനവും ചിത്ര ആലപിച്ചു. ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ആമുഖഭാഷണം നടത്തി. അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുൻ എം.എൽ.എ ടി.വി രാജേഷ്, ചിറക്കൽ കോവിലകം ട്രസ്റ്റി സി.കെ രാമവർമ വലിയരാജ, ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, സംഘാടക സമിതി വൈസ് ചെയർമാൻ വി.വിനോദ്, ഗോവിന്ദൻ കണ്ണപുരം എന്നിവർ സംസാരിച്ചു.

മട്ടന്നൂർ ശ്രീജിത്തിന്റെ സോപാനസംഗീതം, ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കലാമണ്ഡലം കനകകുമാറിന്റെ ചാക്യാർകൂത്ത്, കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻ തുള്ളൽ, ക്ഷേത്രകലാ അക്കാദമി വിദ്യാർഥിനികൾ അവതരിപ്പിച്ച മോഹിനിയാട്ടം, ലളിത യക്ഷ ടീം ബാലകൃഷ്ണ യെൽക്കാന അവതരിപ്പിച്ച യക്ഷഗാനം, കീഴില്ലം ഉണ്ണി കൃഷ്ണനും സംഘവും അവതരിപ്പി ച്ച മുടിയേറ്റ് എന്നിവ അരങ്ങേറി. ക്ഷേത്രകലാ അക്കാദമിയിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളുടെ ചുമർചിത്രപ്രദർശനവും ഉണ്ടായിരുന്നു.

Previous Post Next Post