കണ്ണൂർ :- ദേശീയപാതയിൽ താണയിൽ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് റോഡിൻ്റെ എതിർദി ശയിലേക്ക് തെന്നിമാറി. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ നടന്ന അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ടയർ പൊട്ടിയതിനെത്തുടർന്നാണ് ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
ഗതാഗതം സ്തംഭിച്ചതിനെത്തുടർന്ന് കണ്ണൂരിൽ നിന്ന് തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ സിറ്റി വഴിയാണ് ഗതാഗതം നടത്തിയത്. റെയിൽവേ ഗേറ്റ് അടച്ചതിനാൽ ഈ റൂട്ടിലും ഗതാഗതക്കുരുക്കുണ്ടായി. തലശ്ശേരി ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്നവരും മേലെ ചൊവ്വ, താണ, കാൽ ടെക്സ് എന്നിവിടങ്ങളിൽ ഇറങ്ങേണ്ടവരുമായ ബസ് യാത്രക്കാർ ഇതുകാരണം ബുദ്ധിമുട്ടിലായി. ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.