മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അനുസ്മരണവും മഹാത്മജിയുടെ കാലിക പ്രാധാന്യം എന്ന വിഷയത്തിൽ സംവാദവും നടത്തി. ഇന്ത്യയിൽ ഐക്യവും അഖണ്ഡതയും നിലനിൽക്കുന്നത് ഗാന്ധിസത്തിന്റെ ശക്തമായ വേരോട്ടം കാരണമാണെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ വി.പി ബാബുരാജ് അഭിപ്രായപ്പെട്ടു.
മയ്യിൽ CRC ഹാളിൽ മഹാത്മജിയുടെ ജീവിത വീക്ഷണത്തെക്കുറിച്ചും ഗാന്ധിസം എന്ന ആശയ സംഹിതയെക്കുറിച്ചും ഗാന്ധിജിയെയും ഗാന്ധിസത്തേയും തമസ്ക്കരിക്കാൻ ശ്രമിക്കുന്ന വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സംവാദത്തിൽ ഗാന്ധിയൻ കെ.പത്മനാഭൻ മാസ്റ്റർ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.വി മനോജ് കുമാർ, ചരിത്രാദ്ധ്യാപകൻ പി.ദിലീപ് കുമാർ മാസ്റ്റർ എന്നിവരും സംസാരിച്ചു. പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ മോഡറേറ്ററായി. സെക്രട്ടറി പി.കെ നാരായണൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ നന്ദിയും പറഞ്ഞു.