നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരും


തിരുവനന്തപുരം :- നിലവിലെ വൈദ്യുതി നിരക്കുകൾ ഒരു മാസം കൂടി തുടരും. നവംബർ 30 വരെയോ പരിഷ്‌കരിച്ച നിരക്കുകൾ അതിനു മുൻപ് പ്രഖ്യാപിക്കുകയാണെങ്കിൽ അതുവരെയോ നിലവിലെ വൈദ്യുതി നിരക്കിനു പ്രാബല്യം നൽകി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഓഗസ്റ്റിൽ കെഎസ്ഇബി നൽകിയ അപേക്ഷ പരിഗണിച്ച് കമ്മിഷൻ സംസ്‌ഥാനത്തെ 4 കേന്ദ്രങ്ങളിൽ പൊതുതെളിവെടുപ്പു നടത്തി. കൂടാതെ കത്തും ഇ മെയിലും മുഖേന പൊതുജനങ്ങളുടെ അഭിപ്രായങ്ങളും സ്വീകരിച്ചു. ഇവ വിലയിരുത്തി 2024-27 നിയന്ത്രണ കാലയളവിലെ വൈദ്യുതി നിരക്ക് പരിഷ്‌കരണം തയാറാക്കുകയാണ്. ഇതു പൂർത്തിയാകാൻ ഏതാനും ആഴ്‌ചകൾ കൂടി വേണ്ടിവരുമെന്ന് കമ്മിഷൻ വ്യക്തമാക്കി.

2023 നവംബർ 1 മുതലാണ് നിലവിലെ നിരക്ക് നിലവിൽ വന്നത്. കഴിഞ്ഞ ജൂൺ 30 വരെയായിരുന്നു കാലാവധി. അതിനുള്ളിൽ നിരക്ക് പരിഷ്കരണത്തിന് കെഎസ്ഇബി പുതിയ അപേക്ഷ നൽകാത്തതിനാൽ സെപ്റ്റംബർ 30 വരെ നിലവിലെ നിരക്ക് തുടരുമെന്നു വ്യക്തമാക്കി നേരത്തേ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഒക്ടോബറിലും ഇതേനിരക്ക് തുടരുമെന്നു വീണ്ടും ഉത്തരവിറക്കി. ഇതു മൂന്നാം തവണയാണ് നിലവിലെ വൈദ്യുതി നിരക്കിന്റെ കാലാവധി നീട്ടി കമ്മിഷൻ ഉത്തരവിറക്കുന്നത്.

Previous Post Next Post