കണ്ണൂർ :- മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്ര കലാഅക്കാദമിയുടെ 2022ലെ ക്ഷേത്ര കലാ അവാർഡുകൾ ഒക്ടോബർ ആറിന് സമ്മാനിക്കും. എരിപുരം മാടായി ബാങ്ക് ഓഡിറ്റോയത്തിൽ ഉച്ചക്ക് രണ്ടിന് തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രകലാശ്രീ പുരസ്‌കാരം കെഎസ് ചിത്രയ്ക്കും ഫെലോഷിപ്പുകൾ ഡോ. രാജശ്രീ വാര്യർ, ഡോ. ആർഎൽവി രാമകൃഷ്ണൻ എന്നിവർക്കും സമ്മാനിക്കും. ആകെ 36 പേരാണ് അവാർഡുകൾക്ക് അർഹരായത്.
എം. വിജിൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മുൻ എം.എൽ.എ ടി.വി രാജേഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ തുടങ്ങിയവർ പങ്കെടുക്കും.സോപാനസംഗീതം, പഞ്ചവാദ്യം, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ ക്ഷേത്രകലകൾ അരങ്ങേറും. പരിപാടിയുടെ ഭാഗമായി രാവിലെ പത്ത് മുതൽ ചുമർചിത്ര പ്രദർശനം നടക്കും. ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം ചുമർചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും.