മയ്യിൽ :- നെയ്‌ത്തോർമകളുടെ കടലൊഴുക്കമായിരുന്നു സദസ് നിറയെ. നുറ്റാണ്ടുകൾ നാടിന് ഊടുപാവും നെയ്‌ത തൊഴിൽ സംസ്‌കാരത്തിന്റെ ഓർമകളുടെ തിരയിളക്കം. നെയ്‌ത്തെന്ന ഉപജീവനത്തിന്റെ തണലിൽ ജീവിതം കരുപ്പിടിച്ചവരും പിൻതലമുറകളുമായിരുന്നു കേൾവിക്കാരും അവതാരകരും. നെയ്‌ത്ത് തൊഴിലും കലയും സംസ്‌കാരവും ജീവിതചര്യയുമായി ചേർത്തുവെച്ച തലമുറകളുടെ അനുഭവസാക്ഷ്യമായ ‘ഊടും പാവും’ പ്രാദേശിക ചരിത്രത്തിലെ കരുത്താർന്ന അടയാളപ്പെടുത്തലായി. പ്രതിസന്ധിലാണ്ട് മൺമറഞ്ഞുതുടങ്ങിയ തൊഴിൽ സംസ്‌കാരത്തിന്റെ ജൈവബന്ധമുള്ള കഥകൾക്ക് പുതുതലമുറ ഹൃദയപൂർവം കാതോർത്തു.
തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വയോജനവേദിയാണ് അന്താരാഷ്ട്രാ വയോജനദിനാചരണത്തിന്റെ ഭാഗമായി ‘ഊടും പാവും’ നെയ്‌ത്തോർമകളുടെ സംഗമം ഒരുക്കിയത്. പഴയകാല നെയ്‌ത്ത് തൊഴിലാളികളും നെയ്‌ത്ത് കമ്പനി നടത്തിപ്പുകാരും പിൻതലമുറകളും ഉൾപ്പെടെ ഓർമകൾ പങ്കുവെച്ചു.
വി ഒ പ്രഭാകരനായിരുന്നു മോഡറേറ്റർ. കടൂർ ഉൾപ്പെടെയുള്ള നെയ്‌ത്തുഗ്രാമങ്ങളിലെ സകല മനുഷ്യരുടേയും ജീവിതം നെയ്‌ത്തെന്ന ഉപജീവനത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഓർമപ്പെടുത്തിയായിരുന്നു അവതരണത്തിന്റെ തുടക്കം. അറുപത് വർഷം മുമ്പ് ജനിച്ച സകലമനുഷ്യരും നെയ്‌ത്തുപണിയിൽ ഏർപ്പെട്ടിരുന്നുവെന്ന കൗതുകമുള്ള ചരിത്രവും മോഡറേറ്റർ പങ്കുവെച്ചു.
പരിമിത വരുമാനം മാത്രമാണ് നെയ്‌ത്ത് തൊഴിലാളികൾക്ക് എല്ലാ കാലത്തുമെങ്കിലും പിൻതലമുറകളുടെ വളർച്ചയ്‌ക്ക് കരുത്തായത് ഈ തൊഴിലാണ്. കുട്ടികളേയും സ്‌ത്രീകളേയും ഉൾപ്പെടെ അനുബന്ധ തൊഴിലുകളിലൂടെ ചേർത്തുനിർത്തുന്ന ഏക തൊഴിലും നെയ്‌ത്തായിരുന്നു. നെയ്‌ത്തിന്റെ ചരിത്രവും വികാസവും, കടൂരിലെ പഴയകാല നെയ്‌ത്ത് കമ്പനികൾ, പ്രമുഖ തൊഴിലാളികൾ, നെയ്‌ത്തുശാലകളിലെ രാഷ്ട്രീയം നയിച്ചവർ, തൊഴിൽ സമരങ്ങൾ, അനുബന്ധ തൊഴിലുകൾ, നെയ്‌ത്ത് സാങ്കേതിക വിദ്യകൾ, നെയ്‌ത്ത് പദാവലി മുതൽ കൈത്തറി നേരിടുന്ന പ്രതിസന്ധി ഉൾപ്പടെ നെയ്‌ത്തോർമകളുടെ ഭാഗമായി.
പുച്ചേരി ബാലൻ, വി വി ബാലകൃഷ്‌ണൻ, എം പത്മാവതി, വി വി ഗോവിന്ദൻ, നെയ്യൻ ചന്ദ്രൻ, സുരേന്ദ്രൻ പടുവിലാൻ, സി പവിത്രൻ, എം പ്രകാശൻ, മൂത്തേട്ടി കുഞ്ഞിരാമൻ, കെ സി വാസന്തി,പി ഉല്ലാസൻ, സി വി ഹരീഷ് കുമാർ, പി കൃഷ്‌ണൻ, പി നാരായണൻ, പി പി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. സി വി ഗംഗാധരൻ സ്വാഗതവും കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.