ചെള്ള് പനി: മട്ടന്നൂർ ഇല്ലം മൂലയിൽ മെഡിക്കൽ സംഘം സന്ദർശിച്ചു



 കണ്ണൂർ:-ചെള്ള് പനി റിപ്പോർട്ട് ചെയ്ത മട്ടന്നൂർ ഇല്ലം മൂലയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. സച്ചിൻ കെ.സി.യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സന്ദർശനം നടത്തി. ചെള്ള് പനി തടയുന്നതിനു ഡോക്‌സി സൈക്ളിൻ ഗുളിക കഴിക്കാൻ സംഘം നിർദേശിച്ചു. ചെള്ള് പനി ബാധിച്ചു മരിച്ച വ്യക്തിയുടെ വീട് സന്ദർശിച്ച സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തി.  മട്ടന്നൂർ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. രോഗ വ്യാപനം തടയാനായി സ്വീകരിക്കേണ്ട മാർഗങ്ങൾ സംഘം വിശദീകരിച്ചു.

ഒക്‌ടോബർ 12 നാണ് പ്രദേശത്തുള്ള 64 കാരൻ ചെള്ള് പനി ബാധിച്ചു കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്. മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കറണ്ട് തിന്നുന്ന ജീവികളിൽ കാണപ്പെടുന്ന ചെള്ളുകളുടെ കടിയിലൂടെയാണ് ചെള്ള് പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. ഈ വർഷം നിലവിൽ മാലൂരിലും ചെറുതാഴത്തും തലശ്ശേരിയിലും 21 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മട്ടന്നൂരിലെയടക്കം മൂന്ന് മരണങ്ങൾ ഉണ്ടായി.

തുടർ നടപടികൾ സ്വീകരിക്കുന്നതിന് മട്ടന്നൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘത്തിൽ ജില്ലാ വെക്ടർ ബോൺ ഡീസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ കെ, ബയോളജിസ്റ്റ് രമേശൻ സി പി, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ജി എസ് അഭിഷേക്, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവരും ഉണ്ടായിരുന്നു

Previous Post Next Post