ചാൽ ബീച്ചിലെത്തുന്നവർക്ക് ഒരു രൂപ നിക്ഷേപിച്ചാൽ ശുദ്ധജലം ലഭിക്കും ; ബീച്ചിൽ വാട്ടർ ATM മെഷീൻ ആരംഭിച്ചു



അഴീക്കോട് :- പണം നിക്ഷേപിച്ചാൽ ശുദ്ധജലം ലഭിക്കുന്ന വാട്ടർ എടിഎം അഴീക്കോട് ചാൽ ബീച്ചിൽ യാഥാർഥ്യമായി. എടിഎമ്മിൻ്റെ ഉദ്ഘാടനം  കെ.വി സുമേഷ് എംഎൽഎ നിർവഹിച്ചു. 

തണുപ്പുള്ളതും ചൂടുള്ളതും സാധാരണ വെള്ളവും എടിഎമ്മിൽ നിന്നും ലഭ്യമാവും. 1 ലീറ്ററിന് 1 രൂപയും 5 ലീറ്ററിന് 5 രൂപയുടെ കോയിനും എടിഎമ്മിൽ നിക്ഷേപിച്ച് ഓപ്ഷൻ ബട്ടൺ അമർത്തി യാൽ വെള്ളം ലഭിക്കും. ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനവുമുണ്ട്. അഴീക്കോട് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സിഎഫ്സ‌ി ടൈഡ് ഫണ്ടിൽ നിന്നും 4,89,000 രൂപ ചെലവിൽ ഗവൺമെൻ്റ് ഇ മാർക്കറ്റ് പ്ലേയ്‌സ് (ജെഇഎം) വഴിയാണ് പദ്ധതി നടപ്പാക്കിയത്.

പൈപ്പ് ലൈൻ വഴിയെത്തുന്ന വെള്ളം ശുദ്ധീകരിച്ചാണ് എടിഎം വഴി വിതരണം ചെയ്യുക. വെള്ളം ശേഖരിക്കാൻ ഇവിടെ സ്‌ഥാപിച്ചിട്ടുള്ള ടാങ്കിന് 1000 ലീറ്റർ സംഭരണ ശേഷിയുണ്ട്. ബീച്ചിന്റെ പ്രവേശന കവാടത്തിലും പാർക്കിന് അകത്തുമായി രണ്ട് വാട്ടർ എടിഎമ്മാണ് സ്ഥാപിച്ചിട്ടുള്ളത്. കടൽ കാറ്റടിച്ച് തുരുമ്പ് പിടിക്കാതിരിക്കാൻ പ്രത്യേക മെറ്റൽ ഉപയോഗിച്ചാണ് എടിഎം നിർമിച്ചിരിക്കുന്നത്. കോയിൻ ഇടുന്ന ഭാഗത്ത് കൂടി മണൽ അകത്തേക്ക് കയറാനുള്ള സാധ്യത കണക്കിലെടുത്ത് എടിഎമ്മിന് മുന്നിൽ ഷട്ടറും സ്‌ഥാപിച്ചിട്ടുണ്ട്. കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമായതിനാലാണ് വാട്ടർ എടിഎം സ്‌ഥാപിക്കാൻ ചാൽ ബീച്ച് തന്നെ പഞ്ചായത്ത് തിരഞ്ഞെടുത്തത്. 

ഭാവിയിൽ വൻകുളത്തുവയൽ, മൂന്നുനിരത്ത്, പൂതപ്പാറ, പഞ്ചായത്ത് മിനി സ്‌റ്റേഡിയം, അഴീക്കോട് പഞ്ചായത്തിന് സമീപം, അഴീക്കൽ പോർട്ട് ഓഫിസ് എന്നിവിടങ്ങളിലും വാട്ടർ എടിഎം സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കോഴിക്കോട് ഫറോക്കിലെ എക്സിയം അക്ക്വാ സോല്യൂഷൻസാണ് യന്ത്രം സ്ഥാപിച്ചത്. ശുദ്ധജലം ലഭ്യമാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി പരിസര മലിനീകരണം തടയുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്നും പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വൈകാതെ പദ്ധതി നടപ്പാക്കുമെന്നും അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് പറഞ്ഞു.

Previous Post Next Post