തലശ്ശേരി :- മണ്ണയാട് ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിലും മട്ടാമ്പ്രം പള്ളിയിലും കവർച്ച. ക്ഷേത്രം ഓഫിസിൻ്റെ പൂട്ടുപൊളിച്ചു അകത്തുകടന്ന് 9000 രൂപ മോഷ്ടിച്ചു. ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരം പൊളിച്ചും കവർച്ച നടത്തി. പള്ളിയിൽ മഖാമിനോട് ചേർ ന്നുള്ള ഭണ്ഡാരം കുത്തിത്തുറന്നാണു പണം കവർന്നത്. ഏകദേശം ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരിക്കാമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. നാലു മാസമായി ഭണ്ഡാരം തുറന്നിട്ട്. ഏതാണ്ട് ഒരേ സമയത്താണു പള്ളിയിലും ക്ഷേത്രത്തിലും മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യം പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജാക്കറ്റ് ധരിച്ചു മുഖംമൂടിയണിഞ്ഞ് ഒരാൾ പള്ളിക്കകത്തേക്കു കടക്കുന്നതും മോഷണം നടത്തുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. പുലർച്ചെ 12.30 മുതൽ 1.50 വരെ ഇയാളുടെ സാന്നിധ്യം സിസിടിവിയിൽ കാണുന്നുണ്ടെന്ന് പള്ളി കമ്മിറ്റി സെക്രട്ടറി മുഹമ്മദലി പറഞ്ഞു. പള്ളിയിലുള്ളവർ മുകൾ നിലയിലെ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു മോഷണം.
ഇന്നലെ രാവിലെ ക്ഷേതത്തിലെത്തിയവരാണ് ഓഫിസിന്റെ പൂട്ടു തകർത്ത് മോഷണം നടത്തിയത് കണ്ടത്. നവരാത്രി ആഘോഷം നടക്കുന്നതിനാൽ തിങ്കളാഴ്‌ച രാത്രി 11 വരെ ക്ഷേത്രത്തിൽ ആളുകളുണ്ടായിരുന്നു. പരിപാടിക്കായി കൊണ്ടുവന്ന വിലകൂടിയ ഉപ കരണങ്ങളും മൈക്ക് സെറ്റും മുറ്റത്തുണ്ടായിരുന്നു. ഇവയൊന്നും നഷ്ടപ്പെട്ടില്ല. ഭണ്ഡാരത്തിൽ ഏതാനും മാസത്തെ നേർച്ചപ്പണം ഉണ്ടാവുമെന്ന് ക്ഷേത്രത്തിലുള്ളവർ പറഞ്ഞു. തിങ്കളാഴ്ചത്തെ വഴിപാട് ഇനത്തിൽ ഭക്‌തർ നൽകിയ പണമായിരുന്നു ഓഫിസിൽ സൂക്ഷിച്ചിരുന്നത്. പള്ളിയിലെ ഭണ്ഡാരം അടുത്തയാഴ്ച നടക്കുന്ന ഉറൂസിന് മുന്നോടിയായി തുറക്കാനിരിക്കുകയായിരുന്നു. വിവരമറിഞ്ഞു പൊലീസും പള്ളിയിലെ ഭണ്ഡാരം അടുത്തയാഴ്ച നടക്കുന്ന ഉറൂസിന് മുന്നോടിയായി തുറക്കാനിരിക്കുകയായിരുന്നു. വിവരമറിഞ്ഞു പൊലീസും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി. നഗരമധ്യത്തിൽ ദേശീയപാതയോരത്തുള്ള പള്ളിയിലും മേഖലയിലെ ക്ഷേത്രത്തിലും മോഷണം നടന്നത് പൊലീസിനും തലവേദന യായി.