യാത്രക്കാർക്ക് ബുദ്ധിമുട്ടായി ഷൊർണൂർ - കണ്ണൂർ എക്സ്പ്രസിന്റെ പുതിയ സമയക്രമം

കോഴിക്കോട് :- കണ്ണൂരിനും ഷൊർണൂരിനുമിടയിൽ രാവിലെയും വൈകീട്ടുമുള്ള യാത്ര ദുരിതത്തിന് ഒരുപരിധിവരെ ആശ്വാസമായ ഷൊർണൂർ-കണ്ണൂർ എക്സ്‌പ്രസിന്റെ സമയക്രമം നവംബർ ഒന്നു മുതൽ മാറ്റുന്നതിനെതിരേ യാത്രക്കാർ. പുതിയ സമയക്രമം ഷൊർണൂരിനും കോഴിക്കോടിനും ഇടയിലുള്ള സ്ഥിരം യാത്രക്കാരെ ബാധിക്കുമെന്ന് യാത്രക്കാരുടെ സംഘടനയായ മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം പറഞ്ഞു. നേരത്തേ ഒക്ടോബർ 31 വരെ അനുവദിച്ചിരുന്ന ഷൊർണൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ എക്സ്‌പ്രസുകൾ രണ്ടുമാസത്തേക്കുകൂടി നീട്ടി റെയിൽവേ കഴിഞ്ഞ 24-ന് ഉത്തരവിറക്കിയിരുന്നു. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം സർവീസ് നടത്തിയിരുന്ന തീവണ്ടികൾ ദിവസവും സർവീസ് നടത്താനും തീരുമാനിച്ചു. ഈ ഉത്തരവിൽ ഷൊർണൂർ-കണ്ണൂർ എക്സ്പ്രസിന്റെ (06031) സമയക്രമത്തിൽ മാറ്റം വന്നു. വൈകീട്ട് 3.40-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ഷൊർണൂർ-കണ്ണൂർ എക്സ്പ്രസ് ഇനിമുതൽ മൂന്നുമണിക്കാണ് പുറപ്പെടുക. 

പുതിയ സമയക്രമമനുസരിച്ച് പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോ ക്ക് എന്നിവിടങ്ങളിൽ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ നേരത്തെയാണ് തീവണ്ടി എത്തുക. പട്ടാമ്പിയിൽ 3.54-ന് എത്തിയിരുന്നത് 3.14-നും തിരൂരിൽ 4.31-ന് എത്തിയിരുന്നത് 4.05-നും ഫറോക്കിൽ 5.15-ന് എത്തിയിരുന്നത് 4.41-നും എന്നിങ്ങനെയാണ് തീവണ്ടി എത്തുക. ഫറോക്കിനും കോഴിക്കോടിനുമിടയിലുള്ള സമയം 25 മിനിറ്റായിരുന്നത് 43 മിനിറ്റായി വർധിപ്പിക്കുകയും ചെയ്തു. കോഴിക്കോട് 5.30 -ന് എത്തിയിരുന്ന വണ്ടി അഞ്ചുമിനിറ്റ് നേരത്തെ 5.25-ന് എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. തീവണ്ടികൾ ദിവസവും സർവീസ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സ്ഥിരം യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം പഴയ സമയ ക്രമത്തിൽത്തന്നെ സർവീസ് നടത്തണമെന്നും മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം കൺവീനർ പി.കെ.സി ഫൈസൽ പറഞ്ഞു.

Previous Post Next Post