കുറ്റ്യാട്ടൂർ :- കണ്ണൂരിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംനേടാൻ ഒരുങ്ങി നിൽക്കുന്ന ഉളുമ്പൻകുന്ന് സാമൂഹികവിരുദ്ധർ താവളമാക്കുന്നതായി നാട്ടുകാർ. സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതോടെ കുന്നിലേക്കുള്ള വഴി തടസ്സപ്പെടുത്താനുള്ള നീക്കവുമായി നാട്ടുകാർ. രാപകൽ ഭേദമില്ലാതെ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ഇവിടെ എത്തുന്ന ചിലരാണ് ശല്യമായി തിരുന്നത്. രാത്രി കുന്നിൻ നെറുകയിലെത്തി ലഹരി വസ്‌തുക്കൾ ഉപയോഗിച്ച് ബഹളവും അക്രമവും അഴിച്ചു വിടുന്നവർ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
അക്രമികളെ പിന്തിരിപ്പിക്കാൻ എത്തുന്ന നാട്ടുകാരെയും ആക്രമിക്കുന്നതും പതിവാകുകയാണ്. ഏതാനും ദിവസം മുൻപ് അർധ രാത്രിയോടെ മുണ്ടേരി ഭാഗത്ത് നിന്നുള്ള ഇരുപതോളം യുവാക്കൾ സംഘടിതരായി എത്തുകയും പരസ്പരം ആക്രമണം നടത്തി. പരുക്കേറ്റ യുവാക്കളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരെ യുവാക്കളിൽ ചിലർ ചേർന്ന് മർദിച്ച് പരുക്കേൽപിക്കുകയും ചെയ്തു. മയ്യിൽ പൊലീസ് എത്തിയാണ് അന്ന് സ്‌ഥിതിഗതികൾ നിയ ന്ത്രണ വിധേയമാക്കിയത്. ഉളുമ്പൻ കുന്നിലേക്കുള്ള വഴി തടസ്സപ്പെടുത്താനും പ്രവേശനം തടയാനും പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു.