കണ്ണൂർ :- വനിതാ കമ്മീഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ച 66 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിംഗിനായി അയച്ചു. രണ്ട് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിംഗിനായും മറ്റ് രണ്ടെണ്ണം ജില്ലാ നിയമസഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനായും അയച്ചു. 44 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടന്ന അദാലത്തിന് ശേഷം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. സ്വത്ത് തർക്കം, വഴിതർക്കം, സാമ്പത്തിക തർക്കം പോലുള്ള കേസുകളാണ് കൂടുതലും അദാലത്തിൽ വരുന്നത്. ഇവ പരിഹരിക്കുവാൻ ജാഗ്രതാസമിതികളെ പര്യാപ്തമാക്കുന്ന തരത്തിലുള്ള പരിശീലനം നൽകുന്നത് കമ്മീഷൻ തുടരും. കൗൺസലിംഗിൽ പങ്കെടുത്താൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂവെന്നത് നിർബന്ധമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
അഭിഭാഷകരായ കെ.പി ഷിമ്മി, പ്രമീള, കൗൺസലർ മാനസ പി ബാബു, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എ എസ് ഐ മിനി ഉമേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എൻ ഷാജിന, കെ മിനി എന്നിവരും പങ്കെടുത്തു.