തിരുവനന്തപുരം :- സംസ്‌ഥാനത്ത് ഒക്ടോബറിൽ 7.5 ലക്ഷത്തോളം പേർ റേഷൻ വാങ്ങിയില്ല. മുൻഗണനേതര വിഭാഗത്തിലെ വെള്ള കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതം 2 കിലോ ആയി കുറച്ചതാണു കാരണം. സെപ്റ്റംബറിൽ 80.04 ലക്ഷം (84.63%) കാർഡ് ഉടമകളാണ് ആകെ റേഷൻ വാങ്ങിയതെങ്കിൽ ഒക്ടോബറിൽ ഇത് 72.55 ലക്ഷമായി (76.59%) കുറഞ്ഞു. സെപ്റ്റംബറിൽ ഓണം പ്രമാണിച്ച് വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ വീതം അരിയാണു ഭക്ഷ്യപൊതുവിതരണ വകുപ്പു നിശ്ചയിച്ചത്. ഒക്ടോബറിലെ വിഹിതത്തിലെ ഒരു ഭാഗം മുൻകൂറെടുത്താണ് സെപ്റ്റംബറിൽ നൽകിയത്. ഇതോടെ ഒക്ടോബറിൽ വിഹിതം കുറയ്ക്കേണ്ടി വന്നു.ള്ള കാർഡ് ഉടമകൾക്ക് 5 കിലോ അരി വിതരണം ചെയ്ത ഓഗസ്‌റ്റിൽ 77.80 ലക്ഷം പേർ 5 റേഷൻ വാങ്ങിയിരുന്നു.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കും നീല കാർഡ് ഉടമകൾക്കും നൽകുന്ന റേഷൻ വിഹിതത്തിൽ വ്യത്യാസമില്ലാത്തതിനാൽ വെള്ള കാർഡ് ഉടമകളുടെ വിഹിതത്തിലെ ഏറ്റക്കുറച്ചിലുകളാണ് ഇപ്പോൾ റേഷൻ വിറ്റുവരവിനെ ബാധിക്കുന്നത്. ഇത്രയധികം പേർ റേഷൻ വാങ്ങാതിരുന്നതു റേഷൻ വ്യാപാരി കളുടെ വേതനത്തിലും ഗണ്യമായ കുറവു വരുത്തും. കടകളിൽ 70% വിൽപന നടന്നില്ലെങ്കിൽ മിനിമം വേതനത്തിൽ കുറവുണ്ടാകും. ഒക്ടോബറിൽ റേഷൻ വിഹിതത്തിലെ കുറവു വരുത്തിയപ്പോൾ തന്നെ വിതരണത്തിൻ്റെ തോതിനെ ബാധിക്കുമെന്നു വ്യാപാരി സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.