ന്യൂഡൽഹി :- സാമൂഹികമാധ്യമങ്ങളിൽ ഔദ്യോഗിക ഇ-മെയിൽ ഐ.ഡി ഉപയോഗിക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കേന്ദ്രസർക്കാർ നിർദേശം. ഔദ്യോഗിക ആവശ്യത്തിനെങ്കിലോ മുതിർന്ന ഉദ്യോഗസ്ഥരുടെ അനു മതിയുണ്ടെങ്കിലോ മാത്രമേ ഔദ്യോഗിക പരിധിക്ക് പുറത്തുള്ള വെബ്സൈറ്റുകളിൽ സർക്കാർ ഇ-മെയിൽ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്. ഐ.ടി മന്ത്രാലയം പുറത്തിറക്കിയ പുതിയ ഇ-മെയിൽ നയത്തിലാണ് വ്യവസ്ഥകൾ. നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ (എൻ.ഐ.സി.) ആണ് സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക ഇ-മെയിൽ സേവനം നൽകുന്നത്. ഔദ്യോഗിക ജോലികൾക്കെല്ലാം ഇ-മെയിൽ ഐഡി ഉപയോഗിക്കണം.
സ്ഥിരം ജീവനക്കാർ മാത്രമല്ല, കരാർ ജീവനക്കാരും കൺസൾട്ടൻ്റായി പ്രവർത്തിക്കുന്നവരും ഇതു പാലിക്കണം. സൈബർ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഇ-മെയിൽ നയം പരിഷ്‌കരിച്ചത്. 2015-ലായിരുന്നു നയം ആദ്യമായി വിജ്ഞാപനം ചെയ്തത്. ഇപ്പോൾ @gov.in, @nic.in എന്നീ പൊതു ഇ-മെയിൽ ഡൊമെയിനുകൾ ഉപയോഗിക്കുന്ന സർക്കാർ സംവിധാനങ്ങളോട് @ ബന്ധപ്പെട്ട വകുപ്പിൻ്റെ പേര്.gov.in എന്ന ഫോർമാറ്റിലേക്ക് ഇ-മെയിൽ വിലാസം മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾക്ക് പുറമേ സംസ്ഥാന സർക്കാരുകളും പൊതു ഡൊമെയിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്.