നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു


നീലേശ്വരം :-
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് ഇന്നലെ മരിച്ചിരുന്നു.

അതേ സമയം, കേസിലെ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കാസർകോട് ജില്ലാ സെക്ഷൻ കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

കാസർകോട് നീലേശ്വരത്താണ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പരിക്കേറ്റ സംഭവം നടന്നത്. അപകടം നടന്ന വീരര്‍ക്കാവ് ക്ഷേത്രത്തിന് വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കളക്ടർ അറിയിച്ചിരുന്നു.


Previous Post Next Post