കള്ളപ്പണം ആരോപിച്ച് പാലക്കാട്ട് ഹോട്ടലിൽ പുലരുംവരെ റെയ്ഡ്: ഒന്നും കിട്ടാതെ പോലീസ്; നേതാക്കൾ തമ്മിൽ വാക്പോരും കയ്യാങ്കളിയും, പാലക്കാട് നഗരത്തിൽ ഇന്നലെ രാത്രി അരങ്ങേറിയത് തെരുവുയുദ്ധ സമാന രംഗങ്ങൾ


പാലക്കാട്: - 
തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നേകാൽവരെ നീണ്ടു.  മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം ഒന്നും കണ്ടത്താനായില്ല എന്ന് എഴുതി നൽകി പോലീസ് മടങ്ങിയെങ്കിലും പാലക്കാട് നഗരം സാക്ഷിയായത് തെരുവു യുദ്ധത്തിന് സമാനമായ മണിക്കൂറുകൾ.

ഇന്നലെ രാത്രിയിലെ പൊലീസിന്റെ ഈ പാതിരാ പരിശോധന രാഷ്ട്രീയ കയ്യാങ്കളിക്ക് കൂടിയാണ് വഴിയൊരുക്കിയത്. സിപിഐഎം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പരസ്പ്‌പരം വാദപ്രതിവാദങ്ങളുമായി സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയതോടെ സംഘർഷാസമാനമായ സാഹചര്യമായിരുന്നു പാലക്കാട് ഉടലെടുത്തത്.യൂണിഫോം ഇല്ലാതെയാണ് പോലീസ് എത്തിയതെന്നും തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും സ്ത്രീകൾ താമസിക്കുന്ന മുറിയിലേക്ക്  വനിതാ പോലീസ് പോലും ഇല്ലാതെ പോലിസ് ഇടിച്ചുകയറിയെന്നും വനിതാ നേതാക്കൾ ആരോപിച്ചു.

കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് പോലീസ് നിലപാട് മാറ്റി പതിവ് പരിശോധന എന്ന് വിശദീകരിച്ചു. സ്ത്രീകളടക്കമുള്ളവരുടെ മുറിയിലേക്ക് പോലീസ് മുന്നറിയിപ്പില്ലാതെ കയറിവന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ പോലീസ് പ്രതിരോധത്തിലായി. 

നഗരത്തിലെ ഹോട്ടലിൽ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.എസ്.പി. അശ്വതി ജിജി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമിൽ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.

സംഭവസമയം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിലുണ്ടായിരുന്നതായി സി.പി.എം, ബി.ജെ.പി. നേതാക്കൾ ആരോപിച്ചിരുന്നു.പണം കൊണ്ടുവന്നശേഷം, ജ്യോതികുമാർ ചാമക്കാലയും ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടെന്ന് സി.പി.എമ്മും ബി.ജെ.പി.യും ആരോപിച്ചു. സ്ഥാനാർഥി രാഹുൽമാങ്കൂട്ടത്തിൽ ഹോട്ടലിനകത്ത് ഇരിക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.

തൊണ്ടിമുതൽ ഒളിപ്പിക്കാനാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നതെന്നും അവരെ അറസ്റ്റുചെയ്ത് പരിശോധിക്കണമെന്നും എ.എ. റഹീം, വസീഫ് ഉൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ. നേതാക്കൾ ആവശ്യപ്പെട്ടു.

ഇതിനിടെ താൻ കോഴിക്കോട്ടുണ്ടെന്ന് അറിയിച്ച് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽമാങ്കൂട്ടത്തിൽ ചാനലുകളിലൂടെ ലൈവ് വീഡിയോ പുറത്തുവിട്ട് രംഗത്തെത്തി. കാന്തപുരത്തെ കാണുന്നതിനാണ് കോഴിക്കോടെത്തിയതെന്നും ട്രോളി ബാഗിൽ താൻ പണം കടത്തിയെന്ന ആരോപണം ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ഡീലിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു.



Previous Post Next Post