പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ! വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ ആക്രമമുണ്ടായാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


കണ്ണൂർ :- വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം നന്നായി സോപ്പ് ഉപയോഗിച്ച് പൈപ്പ് തുറന്നു വെച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം.

* മുറിവുള്ള ഭാഗം നന്നായി കഴുകിയ ശേഷം ഏറ്റവും അടുത്തുള്ള പേ വിഷ ബാധക്കുള്ള വാക്‌സിൻ ലഭ്യമാകുന്ന ആശുപത്രിയിലേക്ക് എത്തി വാക്‌സിൻ സ്വീകരിക്കണം.

* വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്‌സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും വാക്‌സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.

* പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.

* ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് തുറന്നുപറയാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികൾ പരമാവധി മൃഗങ്ങളുമായി ഇടപഴകുന്ന ശീലം കുറക്കണം.

* വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്‌സിനേഷൻ നിർബന്ധമായും എടുക്കണം.അതിനു ഉടമസ്ഥന്മാർ ശ്രദ്ധിക്കണം.

* തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ അവ കൂട്ടമായി കാണപ്പെടുന്ന ഇടങ്ങളിൽ അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടാവണം. ഭക്ഷണ മാലിന്യം, ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. ഇക്കാര്യം ഗൗരവപൂർവ്വം ശ്രദ്ധിക്കണം.

* ഭിക്ഷാടനം ചെയ്യുന്നവർ, അലഞ്ഞു തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്നു ജീവിച്ചു പോരുന്ന അശരണർ ഉൾപ്പെടെയുള്ളവർക്ക് പേപ്പട്ടികളുടെ കടിയേൽകാൻ സാധ്യതയുണ്ടാകും. അവർക്ക് പേവിഷ വാക്‌സിൻ സ്വീകരിക്കാനുള്ള അറിവോ സാഹചര്യമോ ഉണ്ടായെന്നു വരില്ല. അവരെ പ്രത്യേകം കരുതണം.

* പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.

Previous Post Next Post