ശബരിമല :- പതിനെട്ടാംപടി കയറാൻ കുട്ടികൾക്കും പ്രായമേറിയവർക്കും പ്രത്യേക ക്യു. വലിയ നടപ്പന്തലിലെ ഒരു വരി കുട്ടികൾ, പ്രായമേറിയവർ, മാളികപ്പുറങ്ങൾ, അംഗപരിമിതർ എന്നിവർക്കായി ഒഴിച്ചിട്ടു. പതിനെട്ടാംപടി കയറിയ ശേഷം മേൽപാലം വഴി പോകാതെ ഇവരെ നേരിട്ട് ദർശനത്തിനു കടത്തിവിടും. പമ്പയിൽ നിന്ന് മടക്കയാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് റിസർവ് ചെയ്‌ത യാത്രക്കാർ സന്നിധാനത്തെ തിരക്കു കാരണം വൈകിയാലും ആശങ്ക വേണ്ടെന്നു കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുതയുള്ളതിനാൽ അടുത്ത ബസിൽ യാത്ര ചെയ്യാനാകും.
സന്നിധാനത്ത് തിരക്ക് കൂടിയാൽ 15 ഇടത്താവളങ്ങളിലാകും തീർഥാടകരെ തടഞ്ഞുനിർത്തുക. ശബരിമല പാതയിൽ വന ത്തിൽ ഉൾപ്പെടെ വാഹനങ്ങൾ തടയുന്നതൊഴിവാക്കാൻ കുമളി, വണ്ടിപ്പെരിയാർ, സത്രം, എരുമേലി, തിരുനക്കര, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ, പത്തനംതിട്ട, കൊട്ടാരക്കര ഗണപതി ക്ഷേത്രം, പുനലൂർ, ആര്യങ്കാവ്, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, തുറവൂർ ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, വൈക്കം, പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലാണ് തങ്ങാൻ സൗകര്യം.