കണ്ണൂർ :- സാധാരണക്കാരെ തന്ത്രപൂർവം പറ്റിച്ച് സ്വർണം തട്ടുന്നയാൾ പിടിയിൽ. തൃശ്ശൂർ എടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കൂവക്കാട്ടിൽ കെ.കുഞ്ഞിമോനെ (53) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവിൽ നിന്ന് പിടിച്ചത്. കഴിഞ്ഞ മാസം കാസർകോട് മുളിയാർ സ്വദേശി അൻസാറിന്റെ നാലു പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അഭിഭാഷകനായും സർക്കാർ ജീവനക്കാരനായും അവകാശപ്പെട്ടാണ് വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ തട്ടിപ്പ് നടത്തിയത്.
ആരാധാനാലയങ്ങൾ, പാവപ്പെട്ടവർ കൂടിയിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എത്തിയാണ് തട്ടിപ്പ് നടത്തുന്നത്. കാസർകോട് സ്വദേശിയായ അൻസാറിനെ പറ്റിച്ചത് വിചിത്രമായ തട്ടിപ്പു രീതിയിലൂടെ. കാസർകോടുള്ള മുസ്‌ലിം കെ.കുഞ്ഞിമോൻ ആരാധാലയത്തിൽ വെച്ചാണ് പ്രതി കുഞ്ഞിമോൻ പരിചയപ്പെടുന്നത്. പ്രമുഖ മുസ്‌ലിം സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. അൻസാറിന്റെ വിഷമം മനസ്സിലാക്കിയ ശേഷം മകളുടെ കല്യാണത്തിന് സഹായിക്കാൻ സാധിക്കുമെന്നും ഇതിനായി നാലുപവൻ സ്വർണാഭരണം ആദ്യം നൽകണമെന്ന് പറഞ്ഞു. എങ്കിൽ നാലുപവൻ്റെ വിലയും 50,000 രൂപയും ജീവകാരുണ്യ സംഘടന തിരിച്ചുതരുമെന്നും വിശ്വസിപ്പിച്ചു.
പണം തരുന്ന ഉസ്താദ് കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ഉണ്ടെന്ന് പറഞ്ഞ് അവിടെ എത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ എത്തിയതോടെ മുറിയുടെ പുറത്ത് കാത്തു നിൽക്കാൻ ആവശ്യപ്പെടുകയും സ്വർണവുമായി മുറിക്കകത്തേക്ക് പോകുകയും ചെയ്തു. പിന്നീ ട് മണിക്കൂറിലധികം മുറിക്ക് പുറത്ത് കാത്തുനിന്നിട്ടും ആളെ കണ്ടെത്താനായില്ല. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. അൻസാറിൻ്റെ മകന് മസ്കറ്റിൽ 50,000 രൂപ ശമ്പളത്തിൽ സൂപ്പർവൈസറായി സൗജന്യമായി വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് രണ്ട് തവണയായി പ്രതി പണം കൈക്കലാക്കിയതായും പരാതിയിലുണ്ട്.