കണ്ണൂർ :- വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. വൈദ്യുത ലൈനുകൾക്ക് സമീപമുള്ള വൃക്ഷങ്ങളിൽ നിന്നു ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയ ഫലങ്ങൾ ഇരുമ്പ്, അലുമിനിയം, പൈപ്പുകൾ പോലുള്ള ലോഹത്തോട്ടികൾ ഉപയോഗിച്ച് പറിച്ചെടുക്കാൻ ശ്രമിക്കരുത്.
വൈദ്യുതി കമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ സമീപത്ത് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. വൈദ്യുതി കമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ വെള്ളത്തിൽ ചവിട്ടരുത്.
ഷോക്കേറ്റ വ്യക്തിയെ വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമേ സ്പർശിക്കാവൂ.
വൈദ്യുതി ലൈനിൽ നിന്നു സുരക്ഷിതമായ അകലം പാലിക്കാതെ കെട്ടിട നിർമാണങ്ങൾ നടത്തുന്നതും നീളം കൂടയ ലോഹ നിർമിത പൈപ്പുകളുള്ള റോളർ ബ്രഷുകൾ ഉപയോഗിച്ച് പെയിന്റിങ് ജോലികൾ ചെയ്യുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കും.
ഇരുമ്പ് വേലിയിലേക്ക് വൈദ്യുതി കടത്തി വിടുന്നതും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതും അപകടത്തിന് വഴിയൊരുക്കും.
കേബിൾ ടി.വി അഡാപ്റ്ററിന്റെ ലോഹ ഭാഗങ്ങളിൽ സ്‌പർശിക്കരുത്.
നനഞ്ഞ വിരലുകൾ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്. കുട്ടികൾക്ക് കയ്യെത്തും വിധം വൈദ്യുതി ഉപകരണങ്ങൾ സ്‌ഥാപിക്കുന്നത് ശ്രദ്ധിക്കണം.
വൈദ്യുത ലൈനുകൾക്ക് താ ഴെ ക്രെയിനുകൾ, ടിപ്പർ ലോറികൾ, കണ്ടെയ്നർ ലോറികൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകട സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
വൈദ്യുതി കമ്പികൾക്ക് മുകളിൽ കൂടി വൃക്ഷങ്ങൾക്കുള്ള താങ്ങ് കമ്പി വലിച്ചു കെട്ടരുത്.
വൈദ്യുതി പോസ്റ്റുകളിലോ സ്‌റ്റേ കമ്പികളിലോ കന്നുകാലികളെ കെട്ടരുത്.
മിന്നലുള്ളപ്പോൾ വൈദ്യുത ഉപകരണങ്ങളിൽ സ്‌പർശിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്.