കണ്ണൂർ :- പോലീസ് പരേഡ് ഗ്രൗണ്ടിലെ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ മൈതാനത്തിന്റെയും നിർമാണം അടുത്ത മാസം പൂർത്തിയാകും. സിന്തറ്റിക് ട്രാക്കിൽ നാലര സെന്റിമീറ്റർ കനത്തിൽ ബിറ്റുമിനസ് എ മെക്കാഡവും രണ്ടര സെന്റീമീറ്റർ കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റും പാകിക്കഴിഞ്ഞു. ഇനി ഒന്നര സെന്റിമീറ്റർ കനത്തിൽ റബർ, പോളിയൂറത്തെൻന്നിവയുടെ മിശ്രിതം പാകും. ഫുട്ബോൾ മൈതാനത്ത് പ്രത്യേക ജിയോടെക്സ്റ്റൈയിൽ വിരിച്ചു. അടുത്ത ദിവസങ്ങളിൽ ജിയോ ടെക്സ്റ്റയിലിന്റെ മുകളിൽ 10 സെന്റീമീറ്റർ കനത്തിൽ മണലും ചകിരിച്ചോറും അടങ്ങിയ പ്രത്യേക മിശ്രിതം നിറയ്ക്കും. തുടർന്ന് ബർമുഡ ഗ്രാസ് വിരിക്കും. ഫുട്ബോൾ മൈതാനത്തിലെ വെള്ളം തോർന്നു പോകാൻ ഡ്രെയ്നേജ് സംവിധാനം പൂർത്തിയായി. ലോങ് ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകളും പണിയും. ഫ്ലഡ്ലിറ്റ് സംവിധാനവും ഒരുക്കും. പൊലീസ് മൈതാനത്ത് ഇൻഡോർ കോർട്ട് നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇതിന് 1.42 കോടി രൂപ ചെലവ് വരും.
കേരള പൊലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ ഫണ്ട് ആണ് ഉപയോഗിക്കുന്നത്. ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. 7.57 കോടി രൂപ യാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ പൊലീസ് വകുപ്പിനു കീഴിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ മാത്രമാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്. പൊലീസ് ഗെയിംസിനും സംസ്‌ഥാന സ്‌കൂൾ കായികമേളകൾക്കും പൊലീസ് പരേഡ് ഗ്രൗണ്ട് വേദിയാകാറുണ്ട്. കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടത്തുന്നത് ഇവിടെയാണ്. പതിറ്റാണ്ടുകളായി കണ്ണൂർ സ്പോർട്സ് സ്കൂളിലെ അത്ലറ്റിക്സ് താരങ്ങളും കുറെ വർഷമായി ഫുട്ബോൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്കൂൾ, കോളജ് കായിക മത്സരങ്ങൾ, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സര ങ്ങൾ തുടങ്ങിയവയും നടക്കാറുണ്ട്.