കണ്ണൂര്‍ :- കണ്ണൂരില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പ് കാണിച്ച എളുപ്പ വഴിയിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാര്‍. മലയാംപടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേരായിരുന്നു മരിച്ചത്. ബസുകള്‍ക്ക് പോകാന്‍ സാധിക്കാത്ത വഴികളിലൂടെയാണ് സംഘത്തിന്റെ വാഹനം പോയതെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലൂടെയാണ് സംഘം പോയത്. ഇടുങ്ങിയ വഴിയായിരുന്നു മാപ്പ് കാണിച്ചത്. മാത്രമല്ല കുത്തനെ ഇറക്കവും വളവുകളും ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞത്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തില്‍ കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ മലയാംപടിയിലായിരുന്നു അപകടമുണ്ടായത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടി എസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.