കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നവംബർ 14 വ്യാഴാഴ്ച രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. കലക്ടറാണ് വരണാധികാരി. ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്‌ഥിര സമിതി അധ്യക്ഷ കെ.കെ രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ എം.ജുബിലി ചാക്കോ, ലിസി ജോസഫ്, ടി.സി പ്രിയ എന്നിവരിൽ ആരെങ്കിലും മത്സരിക്കും. യുഡിഎഫ് അംഗങ്ങൾ ഇന്ന് യോഗം ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ രാജി വെച്ചതിനെത്തുടർന്നാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ 7 പേർ യുഡിഎഫും 17 പേർ എൽഡിഎഫുമാണ്.