കണ്ണൂർ :- കോവിഡ് കാലത്ത് വീടുകളിൽ നടത്തിയിരുന്ന ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വീണ്ടും ശക്തമാക്കാനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ. മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്ൻ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം നടപ്പാക്കാൻ പഞ്ചായത്തുകൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി പഞ്ചായത്തിൽ നൂറു പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതുമായ വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങളിലെ പരിപാടികൾ എന്നിവ നടത്തുമ്പോൾ 3 ദിവസം മുൻപ് റജിസ്‌റ്റർ ചെയ്യാൻ നിർദേശം നൽകി.
250 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. മിക്ക പഞ്ചായത്തിലും നിയന്ത്രണം ഏർപ്പെടുത്തി വരുന്നതായും ഇതിന്റെ ഭാഗമായാണ് അഞ്ചരക്കണ്ടിയിലും പദ്ധതി നടപ്പാക്കിയതെന്നും ഇപ്രകാരം റജിസ്റ്റർ ചെയ്ത് നടത്തുന്ന ചടങ്ങുകളിലെ അജൈവ മാലിന്യം ഹരിതകർമ സേന അംഗങ്ങൾ വീടുകളിലെത്തി ശേഖരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ പറഞ്ഞു.