മുണ്ടക്കൈ - ചൂരൽമല ദുരന്തം ; ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുറത്തുവിടാതെ അധികൃതർ


കൽപറ്റ :- മുണ്ടക്കൈ - ചുരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുറത്തുവിടാതെ അധികൃതർ. ഒരാഴ്ചയ്ക്കകം പട്ടിക പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 3നു ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷം നടപടികൾക്കു തുടക്കമിട്ടത്. എന്നാൽ, പഞ്ചായത്തുതലത്തിൽ തയാറാക്കിയ കരടുപട്ടിക പോലും ഇനിയും പുറത്തുവിട്ടിട്ടില്ല. മേപ്പാടി പഞ്ചായത്തിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കരടുപട്ടിക തയാറാക്കുന്നത്. ഇത് ജില്ലാ ഭരണകുടം അംഗീകരിച്ച ശേഷം സർക്കാരിനു സമർപ്പിക്കണം. അതിനുശേഷം തുടർനടപടികളിലേക്കു കടക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഗുണഭോക്തൃപട്ടികയ്ക്കു പ്രാദേശിക തലത്തിലുള്ള സർവകക്ഷി യോഗത്തിന്റെ അംഗീകാരം തേടാൻ ജില്ലാഭരണ കൂടം മുൻകൈയെടുക്കുന്നില്ലെന്നും ഇതുമൂലം നടപടികൾ വൈകുകയാണെന്നും ദുരന്തബാധിതർ ആരോപിക്കുന്നു.

 ടൗൺഷിപ് പദ്ധതിക്കായി തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ ലിമിറ്റഡും എൽസ‌ൺ എസ്‌റ്റേറ്റിന്റെ ഉടമയും ഹൈക്കോടതിയെ സമീപിച്ചതും പുനരധിവാസപദ്ധതി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എസ്റ്റേറ്റ് ഭൂമിയിൽ അവകാശം ഉന്നയിച്ച് വയനാട് കലക്ടറും ബത്തേരി കോടതിയിൽ ഹർജി നൽകി. ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എ‌സ്റ്റേറ്റിലും കൽപറ്റ എൽസൺ എസ്‌റ്റേറ്റിലും ടൗൺഷിപ്പിനായി സർവേയും വിദഗ്ധ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബറിൽത്തന്നെ ഭൂമി ഏറ്റെടുത്തു പ്ലോട്ടുകൾ നിർണയിച്ച് നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദൗത്യമാണു നിയമനടപടിയിൽ കുരുങ്ങിയത്. 4ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുമ്പോൾ അനുകുല വിധി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പുനരധിവാസ പദ്ധതിയുടെ തുടർനപടികൾ ഒട്ടുംവൈകില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.

Previous Post Next Post