കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി പാലത്തിന് മുകളിലൂടെ നടക്കുന്ന കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി കൈവരിയിലെ തകർന്ന് തുരുമ്പെടുത്ത കമ്പികൾ. ഈ കമ്പികൾ അപകടകാരമായി ഉയർന്നുനിൽക്കുകയാണ്. അറിയതെങ്ങാനും കൈവരിയിൽ തൊട്ടുപോയാൽ കൈമുറിയുന്ന അവസ്ഥയാണുള്ളത്. വൈകീട്ടോടെ സമീപത്തായുള്ള കയാക്കിങ് സെന്ററിലേക്ക് കുട്ടികളടക്കം നിരവധിപേരെത്തുന്ന പാലത്തിൻ്റെ കൈവരിയാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.
കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം വളപട്ടണത്തു നിന്ന് ഇവിടെയെത്തിയ കുഞ്ഞിൻ്റെ കൈ ഇരുമ്പുകമ്പിയിൽ തട്ടി മുറിഞ്ഞിരുന്നു. കമ്പികൾ മാത്രമുള്ള കൈവരിയുടെ മേലെ അപായ സൂചനകളെങ്കിലും പതിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ഉയരുകയാണ്. വർഷങ്ങൾക്കു മുൻപാണ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വൈകീട്ടായാൽ നിരവധിപേരാണ് പാലത്തിന് മുകളിലെത്തുന്നത്. ചൂണ്ടയിടാനും മറ്റുമായെത്തുന്നവർക്കും അപകടങ്ങൾ നിത്യ സംഭവമാകുകയാണ്.