മാട്ടൂൽ :- സ്ത്രീ തെയ്യമായ ദേവക്കൂത്ത് കെട്ടിയാടുന്ന കേരളത്തിലെ ഏക ക്ഷേത്രമായ തെക്കുമ്പാട് കൂലോം തായക്കാവിൽ കളിയാട്ടത്തിനു തുടക്കംകുറിച്ചു കൊണ്ട് ഇന്നലെ വൈകിട്ട് ആറരയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. തുടർന്ന് വിറകനെ വിളി, തിരുവത്താഴത്തിന് അരിയളവ്, നിറമാല, അത്താഴ പൂജ, പ്രസാദ വിതരണം, കൈകൊട്ടിക്കളി മത്സരം എന്നിവ നടന്നു. ഇന്ന് ഉച്ചയ്ക്ക് 2ന് കൂലോം ക്ഷേത്രത്തിലും 3ന് തായക്കാവിലും കളിയാട്ടം തുടങ്ങും. വൈകിട്ട് 4ന് കലശം വരവ്, എരിഞ്ഞിക്കീൽ ഭഗവതി, ശാസ്‌താവ്, കരിയാത്തൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം. തുടർന്ന് ദേവക്കൂത്ത് കെട്ടിയാടുന്ന സ്ത്രീയെ വള്ളുവൻകടവിൽ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിക്കൽ.
നാളെ പുലർച്ചെ 3ന് ചുഴലി ഭഗവതിയുടെ പുറപ്പാട്. തുടർന്ന് തട്ടുവരവ്. തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഡിസംബർ 20ന് പുലർച്ചെ 3.30ന് കരിഞ്ചാമുണ്ടിയുടെ പുറപ്പാട്. 5ന് വേട്ടയ്ക്കൊരുമകൻ, രാവിലെ 9ന് ബിദുർ ഭുതം, 10ന് ദേവക്കുത്ത്, നാരദൻ എന്നിവ അരങ്ങിലെത്തും. തുടർന്ന് തിരുവായുധം എഴുന്നള്ളത്ത്, ഇളം കോലത്തിന്റെ പുറപ്പാട്, 21ന് പുലർച്ചെ 5ന് തായക്കാവിൽ തായ്പരദേവതയുടെ തിരുമുടി നിവരും. കളിയാട്ടം ദിവസങ്ങളിൽ ജൈവ പച്ചക്കറി ഉപയോഗിച്ചുളള ഭക്ഷണം ഉണ്ടായിരിക്കും. ക്ഷേത്രമുറ്റത്ത് എം.വിജിൻ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നു സ്ഥാപിച്ച ഹൈമാസ്റ്റ‌് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ഇന്നലെ വൈകിട്ട് : നടന്നു.