ഇരിട്ടി :- ആറളം ഫാമിലൂടെ ആനയെയും മാനിനെയും കണ്ടൊരു രാത്രിയാത്ര നടത്താൻ അവസരം. ആറളത്തെ ആദിവാസി വീടുകളിൽ ചെന്നു തനതുഭക്ഷണം രുചിക്കാനും ആദിവാസി തുടിതാളത്തിനൊപ്പം നൃത്തം ചെയ്യാനും പറ്റും. ആറളത്തെ തൊഴിലാളികൾക്കൊപ്പം കൃഷിരീതികളും പഠിക്കാം. രാത്രിതാമസത്തോടുകൂടിയ ടൂറിസം പദ്ധതിയുമായി ആറളം ഫാമിങ് കോർപറേഷന്റെ പുതിയ പദ്ധതി വരുന്നു. 3 കോടി രൂപ ചെലവിൽ പട്ടിക വർഗ വികസന വകുപ്പിന്റെ സഹായത്തോടെയാണ് ടുറിസ്റ്റുകളെ വരവേൽക്കാനൊരുങ്ങുന്ന വന്യജീവി സങ്കേതം, കാട്, പുഴകൾ, ആദിവാസി താമസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് ആറളം ഫാം പുതിയ മേഖലയിലേക്കു കടക്കുന്നത്. ആറളം ഫാം പോലെയുള്ള സ്‌ഥലത്തു രാത്രിതാമസത്തിനു ടൂറിസ്റ്റുകൾ ഇഷ്‌ടപ്പെടുന്നുവെന്ന പഠനത്തെതുടർന്നാണു തീരുമാനം. വയനാട്, ഇടുക്കി ജില്ലകളിലാണ് ഇപ്പോൾ ഇത്തരം താമസസൗകര്യങ്ങളുള്ളത്.
ആധുനികസൗകര്യങ്ങളോടു കുടിയ താമസം, വന്യമൃഗങ്ങളുള്ള കാട്ടിലൂടെ സഞ്ചരിക്കാനുള്ള വാഹനങ്ങൾ എന്നിവ ഒരുക്കും. രാത്രിയാത്രയിൽ ആന, മാൻ എന്നിവയെ ഇവിടെ കൂടുതൽ കാണാനാകും. പുനരധിവാസമേഖലയിലെ ആദിവാസികളുടെ വീടുകളിലുള്ള തനതുഭക്ഷണങ്ങൾ, തനതുകലാരൂപങ്ങൾ എന്നിവയും ടൂറിസ്റ്റുകൾക്കായി ഒരുക്കും. പുനരധിവാസമേഖലയിലെ 50 യുവാക്കൾക്കു ടൂറിസ്‌റ്റ് ഗൈഡുകളായി പരിശീലനം നൽകുക. കേരളത്തിനു പുറത്തുള്ള ഹോട്ടലുകളിലായിരിക്കും പരിശീലനം. ഇവർക്കു പിന്നീട് ആറളത്തോ മറ്റു ഹോട്ടലുകളിലോ ജോലി ചെയ്യാം. ആറളം ഫാമിലെ കൃഷിരീതികൾ പഠിക്കാനും ടൂറിസ്റ്റുകൾക്ക് അവസരമുണ്ടാകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.പി നിതീഷ്കുമാർ പറഞ്ഞു